പഴകിയ ശരീരം ഉപേക്ഷിച്ച് പുതിയ ശരീരമെടുക്കുന്നു. പറയുമ്പോള്‍ ഒരു സംശയം വരാം. നല്ല ആരോഗ്യമുള്ളവര്‍ പെട്ടെന്ന് മരിക്കുന്നില്ലേ. ശരീരം ജീര്ണ്ണിക്കുന്നതുവരെ കാക്കുന്നില്ലല്ലോ. ഇവിടെ ശരീരം എന്നുദ്ദേശിച്ചത് വാസന അഥവാ സംസ്കാരത്തെയാണ്. വാസനാക്ഷയം വരുമ്പോഴാണ് മരണം. സംസ്കാരത്തിന്റെ തോതനുസരിച്ച് ആത്മാവ് പുതിയ ശരീരം സ്വീകരിക്കുന്നു.
അഥ ഖലു ക്രതു മയഃ പുരുഷ യഥാ ഇഹൈവ, തഥാ പ്രേത്യഭവതികൃതം ലോകം പുരുഷോഭിജായതെ- ഛാന്ദോഗ്യോപനിഷത്ത് സാരം- ഈ പുരുഷന് സങ്കല്പമയനാണ്. ഈ ജന്മത്തില് എപ്രകാരം സങ്കല്പിക്കുന്നുവോ അപ്രകാരം തന്നെ മരണശേഷം സംഭവിക്കുന്നു. തന്റെ സങ്കല്പത്തിലൂടെ കരുപ്പിടിപ്പിച്ച ശരീരത്തില്‍ വീണ്ടും ജനിക്കുകയും ചെയ്യുന്നു.
ഇതില്‍നിന്നും പൂര്‍വജന്മത്തിലെ കര്‍മ്മ സങ്കല്പങ്ങളുടെ ഫലമായി രൂപമെടുത്ത വാസനകള്‍ ഈ ജന്മത്തില് ശരീരമായി രൂപം കൊള്ളുന്നുവെന്നും, ആ ശരീരത്തിന്റെ പരിവര്‍ത്തനം മാത്രമാണ് മരണമെന്നും മനസ്സിലാക്കാം. ആത്മാവിന് ജനനമോ യുവത്വമോ, വാര്‍ദ്ധക്യമോ മരണമോ ഇല്ല. അതു നശിക്കുന്നില്ല. നശിപ്പിക്കാന്‍ കഴിയുകയുമില്ല. വസിഷ്ഠന് സ്വകര്മ്മവശഗതമാണ്. ജനനമരണങ്ങള്‍ എന്നുപറഞ്ഞതിനുകാരണവും ഇതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: