ഹോം » ഭാരതം » 

അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ വലിയ ആഘാതം: പ്രധാനമന്ത്രി

modiiiiiന്യൂദല്‍ഹി: അടിയന്തരാവസ്ഥ രാജ്യത്തെ ജനാധിപത്യത്തിനേറ്റ വലിയ ആഘാതമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും ശക്തിപ്പെടുത്തുന്നതിന് അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍ സജീവമായി സൂക്ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥാ സമര നായകന്‍ ലോക്‌നായക് ജയപ്രകാശ് നാരായണന്റെ 113-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അടിയന്തരാവസ്ഥയുടെ ആഘാതത്തെ മറികടന്ന് കൂടുതല്‍ കരുത്തോടെയാണ് രാജ്യത്തെ ജനാധിപത്യം തിരികെ എത്തിയത്. ജനാധിപത്യ ധ്വംസനത്തിനെതിരെ സമരം ചെയ്തവരോടും പോരാട്ടം നടത്തിയവരോടുമുള്ള നന്ദി പറഞ്ഞറിയിക്കാനാവില്ല. എന്താണ് അക്കാലത്ത് സംഭവിച്ചത് എന്നതിനേക്കാളുപരി നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് കൂടുതല്‍ കരുത്ത് സൃഷ്ടിച്ചതാണ് ഓര്‍മ്മിക്കേണ്ടത്, 1975-77 കാലഘട്ടത്തില്‍ ജയിലഴിക്കുള്ളില്‍ കഴിഞ്ഞവര്‍ നിറഞ്ഞ സദസിനോട് പ്രധാനമന്ത്രി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തെ പ്രതിസന്ധികള്‍ രാജ്യത്തെ ബാധിച്ചെങ്കിലും സമചിത്തതയോടെ അവയെ തരണംചെയ്ത ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കരയാനുള്ളതല്ല. മറിച്ച് ജനാധിപത്യത്തിന് കൂടുതല്‍ കരുത്തും ഗുണകരമായ മാറ്റങ്ങളും നല്‍കിയതിനെ സ്മരിക്കണം.

ജയപ്രകാശ് നാരായണന്‍ ഒരു വലിയ പ്രസ്ഥാനവും പ്രകാശഗോപുരവും മികച്ച മാതൃകയുമായിരുന്നു. ജെപിയില്‍നിന്നും പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് അടിയന്തരാവസ്ഥയ്ക്കുശേഷം ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ രാഷ്ട്രീയ തലമുറ ഉദയം ചെയ്തു. ജെപി പ്രസ്ഥാനവും നവനിര്‍മ്മാണ്‍ മുന്നേറ്റവും അടിയന്തരാവസ്ഥയുമെല്ലാം ചേര്‍ന്ന് ഒരു പുതിയ തരം രാഷ്ട്രീയം രാജ്യത്തിന് സമ്മാനിച്ചു.

അടിച്ചമര്‍ത്തലിനെതിരായി യുദ്ധം ചെയ്യാനുള്ള പ്രേരണ രാജ്യത്തെ പൗരന്മാര്‍ക്ക് സമ്മാനിച്ചത് അടിയന്തിരാവസ്ഥാ വിരുദ്ധ പ്രക്ഷോഭമാണ്. ജയപ്രകാശ് നാരായണന്റെ പ്രസംഗങ്ങള്‍ അടിയന്തിരാവസ്ഥയ്‌ക്കെതിരായ സാധാരണക്കാരന്റെ രോഷത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. വളരെ മൃദുസംഭാഷണക്കാരനായിരുന്ന ജെപിയുടെ പ്രസംഗങ്ങള്‍ പക്ഷേ തിളയ്ക്കുന്ന ലാവയ്ക്ക് സമാനവും,പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഗവര്‍ണ്ണര്‍മാരായ കല്യാണ്‍സിങ്, , ഒ.പി കൊഹ്‌ലി,ബല്‍റാം ദാസ് ടണ്ടന്‍, വാലുഭായ് വാലാ,മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കരിയാമുണ്ട, ബിജെപി നേതാക്കളായ വി.കെ മല്‍ഹോത്, സുബ്രഹ്മണ്യംസ്വാമി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മാധ്യമപ്രവര്‍ത്തകരായ വീരേന്ദര്‍ കപൂര്‍, കെ.വിക്രം റാവു, പ്രൊഫ.രാംജി സിങ്, കാമേശ്വര്‍ പാസ്വാന്‍, ആരിഫ് ബയ്ഗ് എന്നിവരെയും ആദരിച്ചു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick