ഹോം » പ്രാദേശികം » എറണാകുളം » 

കോണ്‍ഗ്രസില്‍ യുവാക്കളെ തഴയുന്നതില്‍ പ്രതിഷേധം

October 11, 2015

ആലുവ: കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ തഴയുന്നതിനെതിരെ ആലുവ മേഖലയില്‍ വ്യാപക പ്രതിഷേധം. പഞ്ചായത്ത് അംഗങ്ങളായിട്ട് സില്‍വര്‍ ജൂബിലി പിന്നിട്ടവര്‍ പോലും വീണ്ടും മത്സരത്തിന് കച്ചമുറുക്കുന്നതിനെതിരെയാണ് പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ബ്‌ളോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റ് തുറന്നുപരിശോധിക്കുക പോലും ചെയ്യാതെയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്നാണ് ആരോപണം. 35 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കായി മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശമാണ് അവഗണിക്കുന്നത്. പല പഞ്ചായത്തുകളിലും ഒന്നോ രണ്ടോ സീറ്റുകളാണ് യുവാക്കള്‍ക്ക് നല്‍കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂലിത്തൊഴിലാളികളെ പോലെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സനോജ് ഞാറ്റുവീട്ടില്‍ ആരോപിച്ചു. ഈ നില തുടര്‍ന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റുകളെ ഏല്‍പ്പിക്കേണ്ടിവരുമെന്നും സനോജ് മുന്നറിയിപ്പ് നല്‍കി.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കീഴ്മാട് പഞ്ചായത്തില്‍ 1,3,4,5,14,15 വാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കായി മാറ്റിവെക്കണമെന്ന് മണ്ഡലം കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ഇസ്മയില്‍, ഷിയാസ്, വിനോദ്, ഫൈസല്‍, വിനോജ് എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു ആവശ്യം. ഇതൊന്നും നേതൃത്വം പരിഗണിച്ചിട്ടില്ല. യുവജന നേതാക്കളെ അവഗണിക്കുന്ന കോണ്‍ഗ്രസ് ബ്‌ളോക്ക് മണ്ഡലം നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അറിയിച്ചു.

Related News from Archive
Editor's Pick