ഹോം » പ്രാദേശികം » തിരുവനന്തപുരം » 

അറവുശാലകളെ നിയന്ത്രിച്ചാല്‍ തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കാം : ജസ്റ്റിസ് ശ്രീദേവി

October 12, 2015

തിരുവനന്തപുരം : മാടുകളെ കൊന്ന് ഇറച്ചിയാക്കുന്നയിടങ്ങളിലാണ് തെരുവു നായ്ക്കള്‍ ക്രമാതീതമായി കണ്ടുവരുന്നതെന്ന് ജസ്റ്റിസ് ഡി.ശ്രീദേവി. കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ ട്രാക്‌സ് സംഘടിപ്പിച്ച തെരുവ്‌നായ് വിമുക്തമാക്കണം എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന്
തെരുവുനായ്ക്കളുടെ ഭയം കൂടാതെ മനുഷ്യന് നഗരവീഥിയില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അപകടകരമായ വിധത്തില്‍ തെരുവുനായ്ക്കള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കശാപ്പ് ശാലകളില്‍ നിന്നും ആവശ്യമായ ഭക്ഷണം ലഭിക്കുന്നത് നായ്ക്കളുടെ വര്‍ദ്ധനവിനു കാരണമാകുന്നു. എഴുപത്തിയെട്ടോളം അറവുശാലകളാണ് അനധികൃതമായി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ രഹസ്യമായി മാടുകളെ കൊല്ലുന്നയിടങ്ങളും അനവധിയാണ്. അറവ് ശാലകളെ നിയന്ത്രണ വിധേയമാക്കാനോ ലൈസന്‍സ് ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കശാപ്പിനായി തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരുന്ന മാടുകള്‍ക്ക് പോലും നികുതി ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭരണ പോരായ്മ കാരണം കശാപ്പുശാലകള്‍ വര്‍ദ്ധിക്കുന്നതോടെയാണ് തെരുവ് നായ്ക്കളുടെ വര്‍ദ്ധനവും ഉണ്ടാകുന്നത്. വന്ധ്യംകരണത്തിലൂടെ തെരുവുനായ് ശല്യം കുറയ്ക്കാമെന്ന സര്‍ക്കാര്‍ നയം വിഫലമായിരിക്കുകയാണ്. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് അധിക ചെലവ് വഹിക്കേണ്ടി വരുന്നതിനാലാണ് തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്താന്‍ കഴിയാതെ വന്നിരിക്കുന്നതെന്ന് ജസ്റ്റിസ് ശ്രീദേവി പറഞ്ഞു.
തെരുവുനായ് ശല്യം ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് നല്‍കാന്‍ പൊതുജന ഒപ്പുശേഖരണം ട്രാക്‌സ് നടത്തി. ട്രാക്‌സ് പ്രസിഡന്റ് കെ.ജി. സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ശ്രീവരാഹം വിജയന്‍, പി.കെ.എസ്. രാജന്‍, ശ്രീകാര്യം രാജന്‍, ജയ് ഹിന്ദ് സാംസ്‌കാരിക സമിതി പ്രസിഡന്റ് വട്ടപ്പാറ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick