ഹോം » പ്രാദേശികം » തിരുവനന്തപുരം » 

സിഎസ്‌ഐ പള്ളി ആക്രമണം ; ഡിഫി നേതാവ് പിടിയില്‍

October 12, 2015

വിളപ്പില്‍ശാല: നൂലിയോട് സിഎസ്‌ഐ പള്ളി ആക്രമണ കേസില്‍ ഒരാള്‍ പോലീസ് പിടിയില്‍. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ നൂലിയോട് വിനോദ് ഭവനില്‍ ചൊക്ലി എന്ന വിനോദി(26)നെയാണ് വിളപ്പില്‍ശാല പോലീസ് പിടികൂടിയത്. പള്ളി ആക്രമണം ഉള്‍പ്പടെ വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ 15 കേസുകള്‍ നിലവിലുണ്ട്.
ആഗസ്റ്റ് 15 അര്‍ധ രാത്രിയോടെയാണ് നൂലിയോട് സിഎസ് ഐ പള്ളിയില്‍ വിനോദിന്റെ നേതൃത്വത്തില്‍ ഒരു സംഘം അതിക്രമിച്ച് കടന്ന് അക്രമം നടത്തിയത്. പള്ളി മണി, ജനാലകള്‍, വൈദ്യുതവിളക്കുകള്‍ തുടങ്ങിയവ ഇവര്‍ തല്ലിതകര്‍ത്തിരുന്നു. മുമ്പ് പലപ്രാവശ്യം ഈ പള്ളിക്കുനേരെ സമാനരീതിയിലുള്ള അക്രമം നടന്നിരുന്നു.
സംഭവദിവസം തന്നെ പ്രതികളെ കുറിച്ച് വ്യക്തത ലഭിച്ച പോലീസ് വിനോദിനും സംഘത്തിനുമായി തിരച്ചില്‍ ആരംഭിച്ചു. പോലീസ് ഡിവൈഎഫ്‌ഐ നേതാവിനെ മനഃപൂര്‍വം കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് സിപിഎം സ്റ്റേഷന്‍ ഉപരോധം അടക്കമുള്ള പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. വിശ്വാസികളും പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചു. ഇതോടെ പോലീസ് വിനോദിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.
സംഭവശേഷം ഒളിവില്‍ കഴിഞ്ഞുവരവെ രണ്ട് അടിപിടി കേസുകളിലും വിനോദ് ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. 2013 ല്‍ രണ്ടുതവണ വിനോദിനെതിരെ പോലീസ് നല്ലനടപ്പിനായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2015 ല്‍ വീണ്ടും മൂന്ന് കേസുകളില്‍ ഇയാള്‍ പ്രതിയായതോടെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുണ്ടാ ആക്ട് അനുസരിച്ച് വിനോദിനെതിരെ കേസെടുക്കുവാന്‍ പോലീസ് ശുപാര്‍ശ ചെയ്യുമെന്ന് അറിയുന്നു.
മലയിന്‍കീഴ് സിഐ ബിനുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല എസ്‌ഐ ഹേമന്ത്കുമാര്‍, ഗ്രേഡ് എസ്‌ഐ ജോണ്‍ ബ്രിട്ടോ, എഎസ്‌ഐ ഉദയകുമാര്‍, സിപിഒമാരായ ബിജു, ഹരികുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘം നൂലിയോടുള്ള രഹസ്യ ഒളിത്താവളത്തില്‍ നിന്ന് പ്രതിയെപിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News from Archive
Editor's Pick