ഹോം » കേരളം » 

വിദ്യാദേവിയുടെ ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

പത്മനാഭപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി  ആഘോഷങ്ങള്‍ക്കുള്ള  വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ടു.

വിഗ്രഹഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുളള ചടങ്ങ് ചരിത്രപ്രസിദ്ധമായ ഉപ്പിരിക്ക മാളികയില്‍ നടന്നു.  രാവിലെ 7.30 ന്  ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണര്‍ സ്വാമിനാഥന് ഉടവാള്‍ കൈമാറിക്കൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഘോഷയാത്രയെ അനുഗമിക്കുന്ന കന്യാകുമാരി ദേവസ്വം ജീവനക്കാരന്‍ സുദര്‍ശന കുമാറിന് ഗവര്‍ണര്‍  ഉടവാള്‍ കൈമാറി.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ  കൊട്ടാരത്തിലെ തേവാരക്കെട്ട്  ക്ഷേത്രത്തിലെത്തി അവിടെ നിന്നു സരസ്വതിവിഗ്രഹത്തെ തെക്കെ തെരുവിലേക്ക് എഴുന്നള്ളിച്ച് ആനപ്പുറത്തേറ്റി. സരസ്വതിദേവിക്ക് അകമ്പടി സേവിക്കുന്ന  വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെ പല്ലക്കിലേറ്റി. പോലീസ് ബാന്റു വാദ്യത്തോടൊപ്പം വിഗ്രഹങ്ങളെ കൊട്ടാരമുറ്റത്തേക്ക് എഴുന്നള്ളിച്ചു. അവിടെ നടന്ന പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം ഗവര്‍ണ്ണറും മന്ത്രി വി.എസ്. ശിവകുമാറും വലിയകാണിക്ക സമര്‍പ്പിച്ചതോടെ വിഗ്രഹങ്ങള്‍ അനന്തപുരിയിലേക്ക് പുറപ്പെട്ടു.   ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, പാറശ്ശാല എംഎല്‍എ എ.ടി.ജോര്‍ജ്ജ്, ജില്ലാ ജഡ്ജ് സതികുമാര്‍, കേരള പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ.ജി.പ്രേംകുമാര്‍, കന്യാകുമാരി ജില്ലാ കളക്ടര്‍ സജ്ജന്‍സിംഗ് ആര്‍. ചവാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിഗ്രഹ ഘോഷയാത്ര ഇന്ന് രാവിലെ 11.30ന് കേരളാ അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എത്തിച്ചേരും. സര്‍ക്കാര്‍ ഔദ്യോഗികമായി ഘോഷയാത്രയെ സ്വീകരിച്ച് ആനയിക്കും.  ഘോഷയാത്ര ഇന്ന് വൈകുന്നേരം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് അവിടെ വിശ്രമിക്കും. നാളെ രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നു തിരിക്കുന്ന വിഗ്രഹ ഘോഷയാത്ര വൈകുന്നേരത്തോടെ ശ്രീപത്മനാഭസ്വാമിക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരും. പത്മതീര്‍ത്ഥക്കരയില്‍ വച്ച് കവടിയാര്‍ കൊട്ടാരം പ്രതിനിധി വിഗ്രഹങ്ങളെ സ്വീകരിച്ച് വലിയകാണിക്ക സമര്‍പ്പണം നടത്തും. ബുധനാഴ്ച രാവിലെ പത്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ നവരാത്രിപൂജയും നവരാത്രി സംഗീതസദസ്സും ആരംഭിക്കും.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick