ഹോം » ഭാരതം » 

ഒളികാമറയില്‍ കോഴയുമായി മന്ത്രി: അഴിമതിക്കെതിരെ പോരാടിയ ജയപ്രകാശ് നാരായണനെ അവഹേളിച്ചു: മോദി

October 13, 2015

modi-at-biharജെഹനാബാദ്: നാലു ലക്ഷം രൂപ കോഴവാങ്ങുന്നതിനിടെ ബീഹാറില്‍ മന്ത്രി ഒളികാമറയില്‍ കുടുങ്ങിയത് തെരഞ്ഞെടുപ്പ് വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവഴി നിതീഷും കൂട്ടരും അഴിമതിക്കെതിരെ നിരന്തരം പോരാടിയ ജയപ്രകാശ് നാരായണനെ പോലും അവഹേളിച്ചു. മോദി ജെഹനാബാദിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ തുറന്നടിച്ചു.

ബീഹാറിലെ ലെനിന്‍ എന്നറിയപ്പെട്ടിരുന്ന പിന്നോക്ക നേതാവായിരുന്ന ജഗദേവ്പ്രസാദിനെ 74ല്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്ന് ഇവരൊക്കെയായിരുന്നു അധികാരത്തില്‍ ഇരുന്നിരുന്നത്. കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. ഇന്ന് അവരുമായി നിതീഷും മറ്റും ചേര്‍ന്നിരിക്കുന്നു, മോദി ചൂണ്ടിക്കാട്ടി.

ഞായറാഴ്ച ജെപിയുടെ 113ാമത് ജന്മദിനമായിരുന്നു. അന്ന് ഭാരതം മുഴുവന്‍ അദ്ദേഹത്തെ സ്മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ കോഴ വാങ്ങുകയായിരുന്നു, മോദി തുടര്‍ന്നു.ആരാധനാ പുരുഷനായ ആ സോഷ്യലിസ്റ്റിന്റെ ജന്മദിനത്തില്‍ തന്നെ ഇത്രയും മോശമായ മറ്റൊരു സംഭവം നടക്കാനില്ല. ജെപിയുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ തന്നെ ഇത് ചെയ്തു. ബിജെപി നിതീഷ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന കാലത്ത് ഇത്തരം സംഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല, നിതീഷും ലാലുവും ചേര്‍ന്നുള്ള സഖ്യം അഴിമതിയുടെ കൂടാരമായെന്ന് സൂചിപ്പിച്ച് മോദി പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ വിദഗ്ധനായ ലാലുവിനൊപ്പം നിതീഷ് ചേര്‍ന്നതോടെ ഇത്തരം കാര്യങ്ങള്‍ നടക്കാന്‍ തുടങ്ങി. ഇങ്ങനെ പണം വാങ്ങാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ എവിടെപ്പോകും. ലാലുവിനെ കാലിത്തീറ്റക്കേസില്‍ ജയിലില്‍ അടച്ച കാര്യം ഓര്‍മ്മിപ്പിച്ച് മോദി പറഞ്ഞു.

Related News from Archive
Editor's Pick