സീ അവാര്‍ഡ് 25 ാം വര്‍ഷവും കെഎസ്ഇ ലിമിറ്റഡിന്

Monday 12 October 2015 6:49 pm IST

മുംബൈയില്‍ നടന്ന ചടങ്ങില്‍ മന്ത്രി സുഭാഷ് ദേശായിയില്‍ നിന്നും കെഎസ്ഇ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ് മേനോന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ.ഐ. ജോണ്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

കൊച്ചി: സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍ പ്ലാന്റായ ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡ് കേരള വ്യവസായ ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടി കുറിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ േതങ്ങാപ്പിണ്ണാക്ക് സംസ്‌കരിക്കുന്ന വ്യവസായ സ്ഥാപനത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയായി 25 ാം വര്‍ഷവും കെഎസ്ഇ ലിമിറ്റഡ് കരസ്ഥമാക്കി.

സോള്‍വെന്റ് എക്‌സ്ട്രാക്ഷന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സീ അവാര്‍ഡ് ആണ് കെഎസ്ഇയെ ഈ ചരിത്രവിജയത്തിലേക്ക് നയിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര വ്യവസായമന്ത്രി സുഭാഷ് ദേശായിയില്‍നിന്നും കെഎസ്ഇ ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ ആനന്ദ് മേനോന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ.ഐ. ജോണ്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.