ഹോം » വാണിജ്യം » 

മൂന്നാര്‍ സമരം: വയനാട്ടിലെ ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയില്‍

October 13, 2015

moonarകല്‍പ്പറ്റ: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ അനിശ്ചികാലസമരം വയനാട്ടിലെ ചെറുകിട തേയിലകര്‍ഷകരെ പ്രതിസന്ധിയിലാക്കി. 12000ഓളം ചെറുകിട തേയിലകര്‍ഷകരാണ് ജില്ലയിലുള്ളത്. 50 സെന്റ് മുതല്‍ അഞ്ച് ഏക്കര്‍വരെ ഇവര്‍ കൃഷി ചെയ്തുവരുന്നു. കഴിഞ്ഞവര്‍ഷം പച്ചതേയില കിലോഗ്രാമിന് 12 മുതല്‍ 13 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോള്‍ എട്ട് മുതല്‍ ഒന്‍പത് രൂപവരെയാണ് വില.

തേയിലയുടെ ഗുണനിലവാരം അനുസരിച്ച് വിലയിലും കുറവ് വരുന്നുണ്ട്. തിങ്കളാഴ്ച്ച തേയിലവില വീണ്ടും അഞ്ച് മുതല്‍ ഏഴര രൂപവരെയായി കുറഞ്ഞു. 1,10,000 കിലോഗ്രാം തേയില ചപ്പാണ് ചെറുകിട കര്‍ഷകര്‍ ദിനംപ്രതി ഉത്പ്പാദിപ്പിക്കുന്നത്. 25000 കിലോഗ്രാം ചപ്പ് സ്വകാര്യമേഖലയിലെ ഏഴ് ഫാക്ടറികളിലൂടെ വിറ്റഴിക്കുന്നു.

ശരാശരി 12000 കിലോഗ്രാം ചായചപ്പ് മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഫാക്ടറിക്കാണ് വില്‍പ്പന നടത്തുന്നത്. ഫാക്ടറി പ്രവര്‍ത്തനം നിലച്ചതോടെ ചപ്പ് വില്‍പ്പനയും നിലച്ചിരിക്കുകയാണ്. ഒരു ഏക്കറില്‍നിന്ന് 500 കിലോഗ്രാം പച്ചതേയിലയാണ് ശരാശരി ലഭിക്കുന്നതെന്ന് വയനാട് സ്‌മോള്‍ സ്‌കെയില്‍ ടീ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഇതുവഴി 2500 രൂപയാണ് കര്‍ഷകന് ലഭിക്കുന്നത്. എന്നാല്‍ ഇന്നത്തെ ചിലവനുസരിച്ച് 3500 രൂപ കൊളുന്ത് നുള്ളുന്നതിനും 1500 രൂപ വളം, കീടനാശിനിഎന്നിവക്കുമായി ചിലവാകുന്നു. സ്വന്തമായി കൊളുന്ത് നുള്ളിയാല്‍തന്നെ തേയിലവ്യാപാരം കര്‍ഷകന് ഇരുട്ടടിയാവുകയാണ്. തേയിലതോട്ടം സമരം വ്യാപകമായതോടെ ചപ്പിനും ആവശ്യക്കാരില്ലാതെയായി.

Related News from Archive
Editor's Pick