ഹോം » സംസ്കൃതി » 

ഭരദ്വാജമുനിയുടെ സല്‍ക്കാരം

രാമായണ കഥാമൃതം - -96

കത്തിജ്ജ്വലിക്കുന്ന അഗ്നിപോലെ തേജസ്വിയായ ഭരദ്വാജമഹര്‍ഷി ആശ്രമത്തിലിരിക്കുന്നതുകണ്ട് താന്‍ ദശരഥനന്ദനന്‍ ഭരതന്‍ എന്നുപറഞ്ഞ് നമസ്‌കരിച്ചു. എല്ലാം അറിയുന്ന മുനി ചോദിച്ചു. ”ഹേ ഭരത! അങ്ങ് സിംഹാസനത്തിലിരിക്കുന്നയാള്‍ . പിന്നെന്തിനു ജടാമകുടം ധരിച്ചിരിക്കുന്നത്? തപോവനത്തില്‍ എന്തിനു വന്നു? ഇതുകേട്ട് ഭരതന്‍ വിനീതനായി നടന്ന സംഭവങ്ങള്‍ വിവരിച്ചു. ”ജ്യേഷ്ഠന്റെ അഭിഷേകം മുടക്കിയതില്‍ എനിക്കൊരു പങ്കുമില്ല. രാമനിരിക്കുമ്പോള്‍ എനിക്കു രാജ്യമെന്തിന്? ഞാനദ്ദേഹത്തിന്റെ ചരണകമലങ്ങളില്‍ വീണ് രാജ്യം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ പോകയാണ്. വനത്തില്‍ വച്ച് അഭിഷേകം നടത്തി അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോകും.”

സന്തുഷ്ടനായ മഹര്‍ഷി പറഞ്ഞു ”എല്ലാം ഞാന്‍ ജ്ഞാനദൃഷ്ടിയില്‍ കണ്ടിരിക്കുന്നു. ലക്ഷ്മണനെക്കാള്‍ നിനക്കാണ് രാമനില്‍ ഭക്തിയെന്ന് എനിക്കറിയാം. നീ അകലെ മാറ്റി നിറുത്തിയിരിക്കുന്ന സേനയെ മുഴുവന്‍ വരുത്തുക. പാവങ്ങള്‍ക്ക് യാത്രാക്ഷീണം കാണും. അവരെ ഞാന്‍ സത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്നുരാത്രി എല്ലാവരും ഇവിടെ ഭക്ഷണം കഴിച്ച് വിശ്രമിക്കുക. നാളെ രാമനെക്കാണാന്‍ പോകുക.” ഇതുകേട്ട് ഭരതന്‍ തന്റെ കൂടെവന്ന എല്ലാവരേയും ആശ്രമത്തിലേക്ക് വരുത്തി. ഭരദ്വാജമഹര്‍ഷി കാമധേനുവിനെ സ്മരിച്ചു. കാമധേനു അലൗകികമായ ഭക്ഷണസാധനങ്ങളും സജ്ജീകരണങ്ങളും തയ്യാറാക്കി. വാല്മീകി രാമായണത്തില്‍ വിശ്വകര്‍മ്മാവിനെയാണ് ക്ഷണിച്ചു വരുത്തുന്നത്.
എഴുത്തച്ഛന്‍ ഇങ്ങനെ വര്‍ണ്ണിക്കുന്നത്.

കാല്‍കഴുകിസ്സമാചമ്യ മുനീന്ദ്രനു-
മേകാഗ്രമാനസനായതിദ്രുതം
ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു
കാമസുരഭിയെ,ത്തത്ക്ഷണേ കാനനം
ദേവേന്ദ്രലോകസമാനമായ് വന്നിതു
ദേവകളായ്ച്ചമഞ്ഞു തരുക്കളും
ഭാവനാവൈഭവമെത്രയുമത്ഭുതം!
ഭക്തഭക്ഷ്യാദി പേയങ്ങള്‍ ഭോജ്യങ്ങളും
ഭുക്തിപ്രസാധനം മറ്റും ബഹുവിധം
ഭോജനശാലകള്‍ സേനാഗൃഹങ്ങളും
രാജഗേഹങ്ങളുമെത്ര മനോഹരം.

അന്നുരാത്രി ഭരതന്റെ കൂടെവന്ന സര്‍വ്വര്‍ക്കും ഉത്സവരാത്രിയായിരുന്നു. ദേവകന്യകകള്‍ ഒരുക്കിയ സ്വര്‍ഗ്ഗീയ പന്തലുകളില്‍ അനേകതരം ഭക്ഷണസാധനങ്ങള്‍, ഭടന്മാര്‍ക്ക് മദ്യം, എല്ലാവര്‍ക്കും പാദശുശ്രൂഷ, പിന്നെ പാട്ടും ആട്ടവും, വാദ്യമേളങ്ങളും വിനോദങ്ങളും. മഹര്‍ഷിയുടെ തപോബലം എത്രമഹനീയം! നേരം പുലര്‍ന്നപ്പോള്‍ ഭരതന്‍ തൊഴുതുകൊണ്ട് മഹര്‍ഷിയോടു പറഞ്ഞു: ”ഭഗവന്‍, ഞാന്‍ സര്‍വസൈന്യത്തോടുമൊപ്പം രാത്രി സുഖമായി ഇവിടെ വസിച്ചു.

അങ്ങയുടെ സല്‍കാരം ഞങ്ങളെ നന്നായി തൃപ്തിപ്പെടുത്തി. ഇപ്പോള്‍ യാത്ര ചോദിക്കുന്നു. ഞങ്ങള്‍ക്ക് രാമന്റെയടുത്തേയ്ക്കു പോകാനുള്ള വഴി ഏതാണെന്നും പറഞ്ഞുതരണം.”
മഹര്‍ഷി പറഞ്ഞു- ”ഭരതാ, ഇവിടെനിന്നും തെക്കോട്ടു കുറച്ചു നടന്ന് തെക്കുപടിഞ്ഞാറുഭാഗത്തേക്കു തിരിയണം. മൂന്നരയോജന ദൂരത്തില്‍ ചിത്രകൂടപര്‍വ്വതമാണ്. അതിനു വടക്കുഭാഗത്ത് മന്ദാകിനിയായ ഗംഗയൊഴുകുന്നു. നദി കടന്നാല്‍ ചിത്രകൂടപര്‍വതത്തിലാണ് രാമലക്ഷ്മണന്മാരുടെ പര്‍ണശാല എന്നു ഞാന്‍ കേട്ടിരിക്കുന്നു.”

 

Related News from Archive
Editor's Pick