സിപിഎം മുസ്ലീം തീവ്രവാദ കൂട്ടുകെട്ടിന് അരങ്ങൊരുങ്ങി

Monday 12 October 2015 8:16 pm IST

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ സിപിഎം മുസ്ലീം മത തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാന്‍ ശ്രമം തുടങ്ങി. എസ്ഡിപിഐ, പിഡിപി തുടങ്ങിയ മത തീവ്രവാദ സംഘടനകളെ നേരത്തെ തന്നെ കയ്യിലെടുത്ത സിപിഎം ഒടുവിലായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായും രഹസ്യ ബാന്ധവത്തിനാണ് ശ്രമിക്കുന്നത്. ആലപ്പുഴയിലെ മുതിര്‍ന്ന നേതാവായ ജി. സുധാകരനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തിന് ചുക്കാന്‍ പിടിക്കുന്നത്. പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സിപിഎമ്മിന് വോട്ടുമറിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തയ്യാറായതായാണ് വിവരം. കഴിഞ്ഞ ദിവസം ഫാസിസത്തിനെതിരെ എന്ന പേരില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച യോഗത്തിലെ മുഖ്യപ്രഭാഷകനും ജി. സുധാകരനായിരുന്നു. ഗോവധത്തെയും ബീഫ് ഫെസ്റ്റുകളെയും ശക്തിയുക്തം ന്യായീകരിച്ച സുധാകരന്‍ മുസ്ലീം മതവിഭാഗത്തില്‍ ഭയാശങ്കകള്‍ സൃഷ്ടിക്കാനുമാണ് പ്രസംഗത്തിലുടനീളം ശ്രമിച്ചത്. മറ്റു രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ ആരെയും പങ്കെടുപ്പിക്കാതെ സുധാകരനെ മാത്രം യോഗത്തില്‍ ക്ഷണിച്ചത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നാണ് ആരോപണം ഉയരുന്നത്. എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടിന്റെ പേരു പറഞ്ഞ് ക്രൈസ്തവ മുസ്ലീം വികാരമിളക്കി വോട്ടുനേടിയെടുക്കുന്ന തന്ത്രമാണ് സിപിഎമ്മും ഇടതുപക്ഷവും പയറ്റുന്നത്.