ഹോം » പ്രാദേശികം » ആലപ്പുഴ » 

ലോട്ടറി വില്പന ഉപകേന്ദ്രം അടച്ചുപൂട്ടി; പ്രതിഷേധം വ്യാപകം

October 13, 2015

ചേര്‍ത്തല: ലോട്ടറി വകുപ്പിന്റെ നഗരത്തിലെ ലോട്ടറി വില്‍പ്പന ഉപകേന്ദ്രം അടച്ചുപൂട്ടി. ജീവനക്കാരുടെ കുറവാണ് കേന്ദ്രം നിര്‍ത്തലാക്കുവാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. വികലാംഗരടക്കം നിരവധിയായ ലോട്ടറി വില്‍പ്പനക്കാര്‍ക്ക് സഹായകരമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പി. തിലോത്തമന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് കാരണമായി അധികൃതര്‍ പറയുന്ന സര്‍ക്കാരിന്റെ തലതിരിഞ്ഞ നിലപാട് അവസാനിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ലോട്ടറി വില്‍പ്പനക്കാരുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
ലോട്ടറി കേന്ദ്രം അടച്ചുപൂട്ടുവാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ലോട്ടറി തൊഴിലാളികളെ പ്രത്യേകിച്ച് വികലാംഗരെ ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നും ആവശ്യപ്പെട്ടു.
കെ.പി. പ്രതാപന്‍, കെ.ആര്‍. രജീഷ്, എസ്. ഷാജിമോന്‍, ഷീല രാജു, റജിമോന്‍, എം.ഒ. ജോണി, സജീവ്, ബൈജു, കലാം എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick