ഹോം » കേരളം » 

ശാശ്വതീകാനന്ദയുടെ മരണം: ഇപ്പോള്‍ പൊട്ടിക്കുന്നത് പൊയ്‌വെടികള്‍- വി. മുരളീധരന്‍

October 13, 2015

v.muralidharanതിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊട്ടിക്കുന്നത് പൊയ്‌വെടികളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. പൊയ്‌വെടികള്‍ പൊട്ടിക്കുന്നതില്‍ അര്‍ഥമില്ല. ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഒരിക്കല്‍ ഹൈക്കോടതി തള്ളിയതാണ്. സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച് അവസാനിപ്പിച്ച കേസാണ് ഇപ്പോള്‍ രാഷ്ട്രീയവിവാദത്തിനായി കുത്തിപ്പൊക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യത്തിന്മേല്‍ ബിജെപിയില്‍ രണ്ടഭിപ്രായമില്ല. ഇതുസംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കുകയാണ് വേണ്ടത്. അല്ലാതെ ആരോപണമുന്നയിക്കുന്നതില്‍ കാര്യമില്ല. ഒരു ദശാബ്ദത്തിലധികം പഴക്കം ചെന്ന സംഭവത്തില്‍ പുതുതായി അന്വേഷണം ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ട്.

ഇത്രയും കാലം രണ്ടു മുന്നണികളും കേരളം മാറിമാറി ഭരിച്ചു. ഇത്രയും കാലം ഇത് അന്വേഷിക്കണമെന്ന് തോന്നാത്തവരാണ് ഇപ്പോള്‍ വിവാദങ്ങളുയര്‍ത്തി മുന്നോട്ടു വന്നിരിക്കുന്നത്. ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ ബിജു രമേശ് ഭരണകക്ഷിയിലെ പ്രമുഖ നേതാവും മന്ത്രിയുമായ കെ.എം. മാണിക്കെതിരെ കടുത്ത ആരോപണമുന്നയിച്ചിരുന്നു. ആ കേസ് ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. ഇദ്ദേഹം കഴിഞ്ഞദിവസം പ്രതിപക്ഷ ഉപനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനെ കണ്ട് ചര്‍ച്ച നടത്തി. മാണിക്കെതിരായ കേസ് പിന്‍വലിക്കാന്‍ ഇരുവരും തമ്മില്‍ ധാരണയായോ എന്ന് കോടിയേരി വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick