ഹോം » പ്രാദേശികം » വയനാട് » 

ജനതാദള്‍(യു)ല്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു

October 12, 2015

കല്‍പ്പറ്റ : വിമാനത്താവള പദ്ധതിയെ ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പിച്ചതിന് വികസനം നിഷേധിച്ച് ജനപ്രതിനിധികള്‍ ഗ്രാമീണരോട് പ്രതികാരം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ജനതാദള്‍(യു)ല്‍ നിന്നും നൂറോളം പ്രവര്‍ത്തകര്‍ രാജിവെച്ച് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍പ്പെട്ടെ ചീക്കല്ലൂര്‍ നിവാസികളില്‍ ജനതാദള്‍(യു) പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ പ്രതിനിധികളുമാണ് ഇക്കാര്യമറിയിച്ചത്.
എംപിയും എം.എല്‍.എയുമടക്കം ജനപ്രതിനിധികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ആദിവാസികളടക്കം ഗ്രാമത്തിലെ നൂറിലേറെ വോട്ടര്‍മാര്‍ ജനതാദള്‍(യു) വിടാന്‍ തീരുമാനിച്ചതായി അവര്‍ അറിയിച്ചു.
ആദിവാസികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തിങ്ങിവസിക്കുന്ന പ്രദേശമാണ് ചീക്കല്ലൂര്‍. പത്ത് ആദിവാസി കോളനികളിലേതടക്കം അഞ്ഞൂറോളം കുടുംബങ്ങള്‍ ഗ്രാമത്തിലുണ്ട്. ചീക്കല്ലൂര്‍ വിമാനത്താവള പദ്ധതിയെ മണ്ണിനെയും കൃഷിയടെയും സ്‌നേഹിക്കുന്ന ഗ്രാമീണര്‍ രാഷ്ട്രീയഭേദം മറന്ന് സംഘടിച്ചും നിരന്തര പ്രക്ഷോഭങ്ങളിലൂടെയുമാണ് പരാജയപ്പെടുത്തിയത്. ഇതിലുള്ള വിരോധമാണ് വിമാനത്താവള പദ്ധതി അനുകൂലികളായിരുന്ന ജനപ്രതിനിധികള്‍ വികസനം തടസ്സപ്പെടുത്തി തീര്‍ക്കുന്നത്. എയര്‍പോര്‍ട്ട് സപ്പോര്‍ട്ടിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ചീക്കല്ലൂരില്‍ ഇനി വികസനം ഉണ്ടാകില്ലെന്ന് പരസ്യമായി പ്രസ്താവിച്ചതാണ്.
കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍-മേച്ചേരി-പനമരം റോഡ് സഞ്ചാരയോഗ്യമാക്കാതെയും കൂടോത്തുമ്മല്‍-വേലിയമ്പം റോഡിലെ ചീക്കല്ലൂര്‍ പാലത്തിനു അപ്രോച്ച് റോഡ് നിര്‍മിക്കാതെയുമാണ് ജനപ്രതിനിധികള്‍ ഗ്രാമീണരോടു പക വീട്ടുന്നത്. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കൂടോത്തുമ്മല്‍-ചീക്കല്ലൂര്‍-പനമരം റോഡ്. പ്രധാമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ 15 വര്‍ഷം മുന്‍പ് പാത നവീകരിച്ചിരുന്നു. ഇതിനു പിന്നാലെ ചീക്കല്ലൂരിലൂടെ രണ്ട് സ്വകാര്യ ബസ്സ് സര്‍വീസും തുടങ്ങി. കാലപ്രയാണത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാന്‍ ഗ്രാമീണര്‍ നിവേദനം നല്‍കിയെങ്കിലും ഫണ്ട് അനുവദിച്ചില്ല. റോഡ് തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായതോടെ ബസ്സുകള്‍ ഓട്ടം നിര്‍ത്തി. ഗതികെട്ട ഗ്രാമീണര്‍ ശ്രമദാനമായി കല്ലും മണ്ണുമിട്ട് റോഡിലെ കുഴികള്‍ നികത്തിയതോടെയാണ് ബസ്സ് സര്‍വീസ് പുനരാരംഭിച്ചത്. ഇക്കഴിഞ്ഞ മഴക്കാലത്ത് വഴി വീണ്ടും ഗതാഗതയോഗ്യമല്ലാതായി. ഇതോടെ ബസ്സോട്ടംനിലച്ചു. ഓട്ടോറിക്ഷകളും ടാക്‌സികളും ചീക്കല്ലൂരിലേക്ക് വരാതായി. ഈ ഘട്ടത്തില്‍ ഗ്രാമീണര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ല. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി ജനതാദള്‍(യു) പ്രവര്‍ത്തകര്‍ സ്ഥലം എം എല്‍എയെയും സമീപിച്ചതാണ്. ആവശ്യമായ ഫണ്ട്അനുവദിക്കുമെന്ന് എംഎല്‍എ പറഞ്ഞെങ്കിലും വെറുതെയായി.
ചീക്കല്ലൂര്‍ പാലത്തിലൂടെ വാഹനങ്ങള്‍ ഓടുന്നതിനു സൗകര്യം ഒരുക്കാതെയും അധികാരകേന്ദ്രങ്ങള്‍ പ്രതികാരം ചെയ്യുകയാണ്. പാലംപണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് പ്രവൃത്തി നടത്തുന്നില്ല. അതിനാല്‍ത്തന്നെ പാലം പ്രയോജനപ്പെടുന്നില്ല. സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ എം.പിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പഞ്ചായത്ത് ദത്തെടുക്കല്‍ പദ്ധതിയില്‍ കണിയാമ്പറ്റയെയാണ് ഉള്‍പ്പെടുത്തിയത്. ഈ പദ്ധതിയുടെ ഭാഗമായ വികസന പരിപാടികളില്‍നിന്നു ചീക്കല്ലൂര്‍ ഗ്രാത്തെ തഴഞ്ഞതിനു പിന്നിലും വൈരാഗ്യമാണ്-ജനതാദള്‍(യു) പ്രതിനിധികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ വമ്മേരി രാഘവന്‍, കെ.കേശവന്‍, കെ.ബാബുരാജ്, പി.മോഹനന്‍, പി.മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick