ഹോം » പ്രാദേശികം » വയനാട് » 

വിഷരഹിത പച്ചക്കറി ഉല്‍പ്പന്നങ്ങളുമായി കുടുംബശ്രീ ഗ്രാമ ചന്തകള്‍ സജീവമാകുന്നു

October 12, 2015

.

കല്‍പ്പറ്റ: വിഷ രഹിത പച്ചക്കറി ഉല്‍പ്പന്നങ്ങള്‍, മായം ചേര്‍ക്കാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ എന്നിവയുമായി കുടുംബശ്രീ ഗ്രാമീണ ചന്തകള്‍ സജീവമാകുന്നു. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും പങ്കാളിത്തവും വൈവിധ്യവും ആവശ്യവും കണക്കിലെടുത്താണ് ദിവസ-ആഴ്ച-മാസ ചന്തകള്‍ തുടങ്ങുന്നത്. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുന്ന ചന്ത തിങ്കളാഴ്ച അവസാനിക്കും. തുടര്‍ന്ന് ഓരോ മാസവും ആദ്യ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കല്‍പ്പറ്റയില്‍ ചന്ത നടക്കും. തിരുനെല്ലി, അമ്പലവയല്‍,നെന്മേനി,കണിയാമ്പറ്റ, മുള്ളന്‍കൊല്ലി,പനമരം, എന്നിവിടങ്ങളില്‍ ആഴ്ചതോറും ഗ്രാമ ചന്തകള്‍ തുടങ്ങി കഴിഞ്ഞു. മീനങ്ങാടി, പടിഞ്ഞാറത്തറ, മൂപ്പൈനാട്, എന്നിവിടങ്ങളില്‍ ആഴ്ച ചന്തക്കായുള്ള ഒരുക്കം പൂര്‍ത്തിയായി. കൂടാതെ ജില്ലയില്‍ 26 സി.ഡി.എസുകളിലും മാസ ചന്തകള്‍ പ്രത്യേമായി ആരംഭിക്കും. കുടുംബശ്രീ ചന്തകളില്‍ ജൈവ പച്ചക്കറികള്‍, ചക്ക ഉല്‍പന്നങ്ങള്‍, ജിവിത ശൈലി രോഗനിര്‍ണ്ണയത്തിനായി സാന്ത്വനം കൗണ്ടര്‍, അപ്പാരല്‍ പാര്‍ക്ക് ഉല്‍പന്നങ്ങള്‍, മാറ്റ് ഉല്‍പന്നങ്ങള്‍, വിവിധ തുണിയുല്‍പന്നങ്ങള്‍, ബ്രാന്‍ഡ് ചെയ്ത ഹോം ഷോപ്പ് ഉല്‍പന്നങ്ങള്‍, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിവിധയിനം പച്ചക്കറികളും ചന്തകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും. പ്രിയദര്‍ശിനി ചായപ്പൊടി ചന്തകളില്‍ വില്‍പന നടത്തും. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍പന നടത്തുക. ജില്ലയിലെ മുഴുവന്‍ ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, സമഗ്ര യൂണിറ്റുകള്‍, വിവിധ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ ചന്തയിലെത്തിക്കും. പഞ്ചായത്ത് തലത്തില്‍ സംരംഭകരുടേയും കൃഷി ഗ്രൂപ്പുകളുടേയും സംയുക്ത യോഗം ചേര്‍ന്ന് ചന്ത വിജയിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനം നടത്തുന്നതോടൊപ്പം അവലോകനവും നടത്തും.

Related News from Archive
Editor's Pick