ഹോം » പ്രാദേശികം » കണ്ണൂര്‍ » 

യുവാക്കള്‍ക്ക് ആവേശമായി ആറളം വനത്തില്‍ സാഹസിക ക്യാമ്പ്

October 12, 2015

Adventrue Academy
ആറളം: ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ സാഹസിക ക്യാമ്പ് നവ്യാനുഭവമായി. 43 യുവതീയുവാക്കളാണ് ക്യാമ്പില്‍ പങ്കെടുത്തത്. അപൂര്‍വ ഇനം ചിത്രശലഭങ്ങളും വന്യമൃഗങ്ങളും സംഘാംഗങ്ങളുടെ കാഴ്ചയ്ക്ക് വിരുന്നായി. വനത്തിലൂടെ 16 കിലോമീറ്റര്‍ ദൂരമാണ് സംഘം ട്രക്കിങ് നടത്തിയത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് ട്രക്കിങ് ആരംഭിച്ചത്. ആറളം വന്യജീവി സങ്കേതത്തിലെ റേഞ്ച് ഓഫീസര്‍ മധുസൂദനന്‍ സംഘാംഗങ്ങള്‍ക്ക് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും സാംസ്‌കാരിക പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു. വന്യജീവി സങ്കേതത്തെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും വനംവകുപ്പ് ഉദ്യോഗസ്ഥരായ മധുസൂദനന്‍, സുശാന്ത് എന്നിവര്‍ ക്ലാസെടുത്തു. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
മീന്‍മുട്ടി വെള്ളച്ചാട്ടം, വളയഞ്ചാല്‍ പുഴ എന്നീ സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു. ദേശീയ സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി പ്രണീത, യുവജനക്ഷേമബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അര്‍ജുന്‍, ഇ.വി.ലിജീഷ്, ചിത്രകുമാര്‍, പരിസ്ഥിതി സംഘടനയായ മാര്‍ക്കിന്റെ പ്രതിനിധി ഹഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick