ഹോം » പ്രാദേശികം » കണ്ണൂര്‍ » 

മാലൂരിന് പറയാനുള്ളത് ഭരണപരാജയത്തിന്റെ ദയനീയ കഥ

October 12, 2015

സന്ദീപ് മട്ടന്നൂര്‍
മട്ടന്നൂര്‍: ഭരണ പരാജയത്തിന്റെ ദയനീയ മുഖമാണ് മാലൂര്‍ പഞ്ചായത്തിന് പറയാനുള്ളത്. നിലവില്‍ 15 ഓളം വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ വാര്‍ഡുകളുടെ എണ്ണം അതേപടി നിലനില്‍ക്കുകയാണ്. പഞ്ചായത്ത് ഭരണം വര്‍ഷങ്ങളായി കയ്യാളുന്ന എല്‍ഡിഎഫിന് ഈ പഞ്ചായത്തില്‍ വികസന കാര്യങ്ങളില്‍ ഒട്ടേറെ ചെയ്യാനുണ്ടെങ്കിലും വികസന മുരടിപ്പിന്റെ പ്രത്യയ ശാസ്ത്രമാണ് നിരവധി തവണ പഞ്ചായത്ത് ഭരിച്ചുകൊണ്ടിരിക്കുന്ന എല്‍ഡിഎഫ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളോട് വികസനവും ഭരണനേട്ടങ്ങളും എണ്ണിപ്പറഞ്ഞ് വോട്ടു ചോദിക്കാന്‍ എല്‍ഡിഎഫ് ഒന്നറക്കും.
പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും അതുമൂലമുള്ള യാത്രാപ്രശ്‌നവും ജനങ്ങളുടെ മുഖ്യവിഷയമാണ്. നിരവധി റോഡുകളുള്ള പഞ്ചായത്തില്‍ റോഡുകള്‍ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ഷിക പഞ്ചായത്തായിട്ടും കൃഷി വികസന കാര്യങ്ങളില്‍ എന്തെങ്കിലും പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഹെക്ടര്‍ കണക്കിന് നെല്‍വയലുകളും നാളികേര കൃഷിയും റബ്ബര്‍ കൃഷിയും ഉണ്ടെങ്കിലും കര്‍ഷകര്‍ക്കും കൃഷിക്കും ഉപയുക്തമായ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നിലവിലെ എല്‍ഡിഎഫ് ഭരണത്തിന് കഴിയാത്തത് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവരില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന തോലമ്പ്ര-പുരളിമലയിലെ കുറിച്യ കോളനിയില്‍ ഏറെ നാളത്തെ മുറവിളിക്ക് ശേഷം നടപ്പാക്കിയ കുടിവെള്ള പദ്ധതി തീര്‍ത്തും പരാജയമാണ്. നൂറോളം കുടുംബങ്ങളുള്ള ഈ കോളനിക്കാര്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് മലയില്‍ നിന്നും കുന്നിന്‍ മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന നീര്‍ച്ചോലകളെയാണ്. എന്നാല്‍ വേനല്‍ രൂക്ഷമാകുന്നതോടെ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഇവര്‍. വിവിധ ക്ഷേമ പെന്‍ഷനുകളും മറ്റാനാകൂല്യങ്ങളും നടപ്പാക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് ഭരണം തീര്‍ത്തും പരാജയമാണ്. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നതാകട്ടെ പാര്‍ട്ടി ബന്ധമുള്ളവരും സ്വന്തക്കാരും മാത്രമാണ്. ഇത്തവണ ജനങ്ങള്‍ പഞ്ചായത്ത് ഭരണത്തിനെതിരെ വിധിയെഴുതുമെന്നുറപ്പാണ്. നിലവിലുള്ള 15 സീറ്റില്‍ 10 സീറ്റ് എല്‍ഡിഎഫിനും 5 സീറ്റ് യുഡിഎഫിനുമാണുള്ളത്. യുഡിഎഫുകാര്‍ പഞ്ചായത്തിലെത്തിയാല്‍ എല്‍ഡിഎഫിന്റെ പിണിയാളുകളായാണ് പ്രവര്‍ത്തിക്കുകയെന്ന് ജനങ്ങള്‍ പറയുന്നു. തങ്ങള്‍ പിന്തുണച്ച് ഭരണത്തിലേറിയവര്‍ ജനക്ഷേമകരമായ ഭരണം നടത്താത്തതിനാല്‍ ഇക്കുറി കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്ത് ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ബിജെപി മാലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാജേഷ് പറഞ്ഞു. ബിജെപി എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡു തലത്തില്‍ നടന്ന പ്രത്യേക സമ്മേളനങ്ങളിലുണ്ടായ ജനപിന്തുണ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബിജപി ചിട്ടയായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് എല്‍ഡിഎഫില്‍ അങ്കലാപ്പുയര്‍ത്തിയിട്ടുണ്ട്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick