ഹോം » പ്രാദേശികം » തിരുവനന്തപുരം » 

വനിത തൊഴില്‍ പരിശീലന കേന്ദ്രം നഗരസഭയുടെ തട്ടിപ്പിന്റെ മുഖമുദ്ര

October 13, 2015

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ശ്രീവരാഹം വാര്‍ഡില്‍ ഉദ്ഘാടനം ചെയ്ത വനിതാ തൊഴില്‍ പരിശീലന കേന്ദ്രം നഗരസഭയുടെ തട്ടിപ്പിന്റെ മുഖമുദ്രയാവാനാണ് സാധ്യത.
ജില്ലാ സാക്ഷരതാമിഷന് നിയന്ത്രണ ചുമതലയേല്‍പ്പിച്ച കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍, തയ്യല്‍, ഡ്രൈവിംഗ്, കരകൗശല വസ്തുനിര്‍മ്മാണം തുടങ്ങിയവയില്‍ സ്ത്രീകള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുമെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനികളെ തെരഞ്ഞെടുക്കുന്നതിലോ ഫീസ് നിര്‍ണയം നടത്തുന്നതിലോ പരിശീലനത്തിനാവശ്യമായ മെഷിനറി, കമ്പ്യൂട്ടര്‍, വാഹനം തുടങ്ങിയവ വാങ്ങുന്നതിനുള്ള ഫണ്ടിന്റെ കാര്യത്തിലോ വ്യക്തമായ തീരുമാനം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഉണ്ടായിട്ടില്ല. ബൈപ്പാസിന് സമീപത്തുള്ള സാക്ഷരതാ മിഷന്റെ നിയന്ത്രണത്തിലുള്ള അംഗനവാടിയോട് ചേര്‍ന്നാണ് തൊഴില്‍ പരിശീലനകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. അംഗനവാടിയിലാണെങ്കില്‍ വിരലെണ്ണാവുന്ന കുട്ടികള്‍ മാത്രമാണുള്ളത്. ഇവിടം തൊഴില്‍ പരിശീലനകേന്ദ്രമായി മാറ്റാതെയാണ് 17 ലക്ഷത്തിന്റെ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. അതേസമയം കുന്നുകുഴി വാര്‍ഡില്‍ ബാര്‍ട്ടണ്‍ഹില്ലിലുള്ള വനിത തൊഴില്‍ പരിശീലന കേന്ദ്രം നഗരസഭയുടെ അവഗണനയിലാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി വാര്‍ഡ് വികസനം നിശ്ചലാവസ്ഥയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചേപ്പില്‍, കിളിക്കോട്, മുക്കോലയ്ക്കല്‍, മാര്‍ക്കറ്റ് ജംഗ്ഷന്‍, താവലോട്, പറമ്പില്‍, സി.കെ. ഗാര്‍ഡന്‍സ്, എംഎല്‍എ റോഡ്, ജി.എസ്എസ് ലൈന്‍ തുടങ്ങിയ പ്രദേശങ്ങള്‍ ചുറ്റപ്പെട്ടതാണ് ശ്രീവരാഹം വാര്‍ഡ്. 7500 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഈ പ്രദേശങ്ങളില്‍ ആവശ്യത്തിന് തെരുവ് വിളക്കുകള്‍ ഇല്ല. നിലവിലുള്ള വിളക്കുകളാണെങ്കില്‍ കത്തുന്നുമില്ല. സാമൂഹ്യ വിരുദ്ധര്‍ ഇരുട്ടിന്റെ മറവില്‍ പ്രദേശത്ത് വിളയാടുകയാണ്. നിരവധി തവണ നാട്ടുകാര്‍ കൗണ്‍സിലറോട് പരാതി ഉന്നയിച്ചെങ്കിലും നടപടിയില്ല.
ഓടകള്‍ വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. പലയിടത്തും ചപ്പുചവറുകള്‍ നിറഞ്ഞ് ഓട അടഞ്ഞ നിലയിലാണ്. മഴക്കാലത്ത് വാര്‍ഡിലെ കുളത്തുമുടുമ്പ് പ്രദേശം വെള്ളക്കെട്ടിലാകും. 2014-ല്‍ 10ലക്ഷം രൂപയാണ് ഇവിടുത്തെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തുന്നതിനായി ചെലവഴിച്ചത്. ഈ തുക കൊണ്ട് കുളത്തുമുടുമ്പ് മുതല്‍ മല്ലശ്ശേരി വരെയുള്ള പൊട്ടിപ്പൊളിഞ്ഞ ഓടകളില്‍ സിമന്റ് പൂശിയതല്ലാതെ മറ്റൊന്നും നടന്നില്ല. വാര്‍ഡ് വികസനങ്ങള്‍ക്കായി കഴിഞ്ഞകാലങ്ങളില്‍ ചെലവഴിച്ച തുകയില്‍ വന്‍ക്രമക്കേട് നടന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

Related News from Archive
Editor's Pick