ഹോം » സമകാലികം » 

വികസനത്തിന്റെ സാഗരമാലകള്‍

വെബ് ഡെസ്‌ക്
October 14, 2015

sagarmalaതുറമുഖ വികസനം സാമ്പത്തിക വികസനത്തിന്റെ നട്ടെല്ലാണെന്ന് മനസ്സിലാക്കി, ഭാരതത്തിന്റെ തീരദേശത്തെ തുറമുഖങ്ങളുടെ ആധുനീകരണവും ദ്രുതഗതിയിലുള്ള ശേഷീ വികസനവും, ഉള്‍നാടന്‍, തീരദേശ ഗതാഗതത്തിന്റെ വികസനവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സാഗര്‍മാല.

നയപരവും സ്ഥാപനപരവുമായ ഇടപെടലുകളിലൂടെയും തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും തുറമുഖ അധിഷ്ഠിത വികസനത്തെ പിന്തുണയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പതിനേഴോളം ചെറുകിട ഇടത്തരം തുറമുഖങ്ങള്‍  നിലവിലുള്ള കേരളത്തിന് സാഗര്‍മാല പദ്ധതി വളരെയേറെ പ്രയോജനകരമാകും. കേരളത്തിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് അത് വലിയൊരു മുതല്‍ക്കൂട്ടാകുകയും ചെയ്യും. അതിനാല്‍ പദ്ധതിയുടെ സാദ്ധ്യതകള്‍ പരമാവധി മുതലെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കേണ്ടതുണ്ട്.

രാജ്യത്തെ ഗതാഗത സംവിധാനത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാവുന്ന പദ്ധതിയാണ് രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജേ്യാക്ത പരേ്യാജന. 100 ജില്ലകളെ ബന്ധിപ്പിച്ച് ആഗോളനിലവാരത്തിലുള്ള  ദേശീയപാത ഒരുക്കുകയാണ് ലക്ഷ്യം. നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ തിരഞ്ഞെടുക്കുക. ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുത്തുനല്‍കേണ്ടത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്.  ജില്ലാ ആസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖലയും വരുമ്പോള്‍ രാജ്യത്തെ ഹൈവേകള്‍ ലോകനിലവാരത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ.

നിലവിലുള്ള 6600 കി.മി. ഹൈവേ വികസിപ്പിച്ച് ലോകനിലവാരമുള്ള ദേശീയപാത നിര്‍മിക്കുകയാണ് ലക്ഷ്യം. ‘രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പര്യോജന’ (ആര്‍.ആര്‍.ഇസെഡ്.എസ്.പി) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതില്‍ ഉള്‍പ്പെടുത്തേണ്ട ജില്ലകളെ അതത് സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിശ്ചയിക്കാം. ഭൂമി അതത് സംസ്ഥാനങ്ങള്‍ ഏറ്റെടുത്തു നല്‍കണം എന്നാണ് വ്യവസ്ഥ. ദേശീയപാതാവികസനവും വീതികൂട്ടലും കേരളത്തില്‍ മുടങ്ങിക്കിടക്കുന്നത് ചിലപ്പോള്‍ തിരിച്ചടിയായേക്കും.

റോഡുവികസനവുമായി ബന്ധപ്പെട്ട് ഈയിടെ പ്രഖ്യാപിച്ച ‘ഭാരത് മാല’ പദ്ധതിക്ക് തുടര്‍ച്ചയായിട്ടാണ് ജില്ലകളെ ബന്ധിപ്പിക്കുന്ന ആര്‍.ആര്‍.ഇസെഡ്.എസ്.പി. ആസൂത്രണം ചെയ്തിരിക്കുന്നത്. കിഴക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ ചുറ്റി രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലൂടെയും ഒരു മാലയുടെ രൂപത്തിലുള്ള ഹൈവേ ശൃംഖലയാണ് ഭാരത് മാല. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളിലൂടെ ഇത് കടന്നുപോകും. 5000 കി.മീ. നീളമുള്ള ഈ ശൃംഖല നിര്‍മിക്കാന്‍ 50,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാന്‍, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കാവും ‘ഭാരത്മാല’ പദ്ധതിയില്‍നിന്ന് കൂടുതല്‍ നീളമുള്ള റോഡ് ലഭിക്കുക.

Related News from Archive
Editor's Pick