ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കുന്നോത്തുപറമ്പിന് എടുത്തുപറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്ത 5 വര്‍ഷം

October 13, 2015

പാനൂര്‍: മുന്നണിയുടെ അധികാര കൈമാറ്റം മാത്രം നടന്ന അഞ്ചു വര്‍ഷം കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ‘ഭരണത്തിന് എടുത്തുപറയാന്‍ നേട്ടങ്ങള്‍ ഒന്നുമില്ല. കൃഷിമന്ത്രി കെപി.മോഹനന്റെ വീടുസ്ഥിതി ചെയ്യുന്ന കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ ‘ഭരണത്തിലെ നയവൈകല്യം കാരണം സര്‍ക്കാര്‍ ഫണ്ടുകള്‍ പോലും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. കൃഷിവകുപ്പിന്റെ ചില പദ്ധതികള്‍ സ്വന്തം പഞ്ചായത്തില്‍ മന്ത്രി നേരിട്ടു കൊടുത്തുവെന്നല്ലാതെ അടിസ്ഥാനപരമായി ഒന്നും നടപ്പായില്ല. ജനതാദള്‍(യു), കോണ്‍ഗ്രസ്, മുസ്ലീംലീഗ് അധികാര വീതംവെപ്പിനായിരുന്നു ഭരണമുന്നണിക്ക് കൂടുതല്‍ ശ്രദ്ധ. അധികാര തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കും നേട്ടങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. മൂന്ന് പ്രസിഡണ്ടുമാര്‍ ഈ അഞ്ചുവര്‍ഷ കാലാവധിക്കിടെ ഇവിടെ തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍(യു)ലെ ഒപി.ഷീജ, കോണ്‍ഗ്രസിലെ വിഎന്‍.അനിത, മുസ്ലീംലീഗിലെ തെക്കയില്‍ കദീജ എന്നിവരായിരുന്നു പ്രസിഡണ്ട് പദത്തിലെത്തിയവര്‍. ചെണ്ടയാട്, നിളളങ്ങല്‍, ചെറുപറമ്പ്, തൂവ്വക്കന്നിന്റെ ഒരുഭാഗം, അക്കാനിശേരി, കൈവേലിക്കല്‍ തുടങ്ങിയ ഭൂവിസ്തൃതിയില്‍ ഏറെ ദൈര്‍ഘ്യമുളള പഞ്ചായത്താണ് ഇത്. രാഷ്ട്രീയ വിവേചനമാണ് വികസനപ്രവര്‍ത്തനത്തിന് തടസമായി നില്‍ക്കുന്നതെന്ന് ബിജെപി മെമ്പര്‍ യുപി.ചന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ അനധികൃതമായി ഇടപെടല്‍ നടത്തുന്ന പ്രവണതയാണ് ഇവിടുത്തെ മുഖമുദ്ര. ജനതാദള്‍ എല്‍ഡിഎഫിലുളളപ്പോള്‍ എല്‍ഡിഎഫ് ഇവിടെ ഭരണം നടത്തിയിരുന്നു. മുന്നണി സമവാക്യങ്ങള്‍ മാറിയതോടെ സിപിഎം മൂന്ന് സീറ്റിലേക്ക് ഒതുക്കപ്പെട്ടു. കൈവേലിക്കലില്‍ നിന്നു ബിജെപി അംഗമായി യുപി.ചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ആകെ 21 വാര്‍ഡില്‍ 17 സീറ്റുമായി മൃഗീയഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. എന്നാല്‍ ഭരണവിരുദ്ധ വികാരവും ദേശീയതലത്തിലെ ബിജെപിയുടെ പുത്തനുണര്‍വും വോട്ടാക്കി മാറ്റി നേട്ടം കൊയ്യാനാണ് ബിജെപി ശ്രമം. 18 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി പ്രചരണരംഗത്ത് ഏറെ മുന്നിലാണ്. വിജയസാധ്യത വാര്‍ഡുകളില്‍ സ്‌ക്വാഡു തിരിച്ച് സ്ഥാനാര്‍ത്ഥികള്‍ ഒന്നാംവട്ട ഗൃഹസമ്പര്‍ക്കം തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്തിലെ പ്രബലശക്തിയായി ഈ തെരഞ്ഞെടുപ്പോടെ ബിജെപി മാറും. അതിനാല്‍ തന്നെ ആത്മവിശ്വാസത്തോടെ വോട്ടര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick