ഹോം » പ്രാദേശികം » കണ്ണൂര്‍ » 

കണ്ണൂര്‍ വിമാനത്താവള പ്രൗഢിയില്‍ കീഴല്ലൂര്‍

October 13, 2015

കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം ഉള്‍ക്കൊള്ളുന്ന പഞ്ചായത്തെന്ന പ്രൗഢിയിലാണു കീഴല്ലൂര്‍ പഞ്ചായത്ത് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ അക്ഷരാര്‍ഥത്തില്‍ കീഴല്ലൂര്‍ പഞ്ചായത്തിന്റെ മുഖഛായ തന്നെ മാറും. രാജ്യശ്രദ്ധ തന്നെ ഈ കൊച്ചു പഞ്ചായത്തിലേക്കെത്തും. പഞ്ചായത്തിലെ 2000 ഏക്കറോളം സ്ഥലത്തു വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 1973ല്‍ രൂപീകരിച്ച കീഴല്ലൂര്‍ പഞ്ചായത്ത് ഉറപ്പുള്ള ഇടതുകോട്ടയായാണ് അറിയപ്പെടുന്നത്. ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇതുവരെ യുഡിഎഫിനായിട്ടില്ല. പഞ്ചായത്തിന്റെ തുടക്കത്തില്‍ എട്ടു വാര്‍ഡുകളാണുണ്ടായിരുന്നത് പിന്നീടു 14 ആയി ഉയര്‍ന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14 വാര്‍ഡുകളില്‍ 11 സീറ്റുകളും നേടിയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. 29.02 ചതുരശ്ര കിമീ വിസ്തൃതിയുള്ള കീഴല്ലൂര്‍ പഞ്ചായത്തില്‍ കൃഷിക്കാണു പ്രാമുഖ്യം. കാര്‍ഷിക രംഗത്ത് ഊന്നിയുള്ള വികസനമാണു പഞ്ചായത്തില്‍ ഇതുവരെ നടപ്പാക്കിയതെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. വിമാനത്താവളത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രദേശത്ത് സമഗ്രവികസനം സാധ്യമാക്കുമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം. എന്നാല്‍ എല്‍ഡിഎഫിന്റെ അവകാശവാദങ്ങള്‍ പുകമറ മാത്രമാണെന്നാണു യുഡിഎഫ് ആരോപണം.
നടപ്പാക്കിയ പദ്ധതികളിലെല്ലാം രാഷ്ട്രീയ ചേരിതിരിവ് വ്യക്തമാണെന്നും പൊതുശ്മശാനം, റോഡ് വികസനം എന്നിവയിലൊന്നും ചെറുവിരലനക്കാന്‍ എല്‍ഡിഎഫ് ഭരണസമിതിക്കു കഴിഞ്ഞിട്ടില്ലെന്നും ബിജെപിയും യുഡിഎഫും കുറ്റപ്പെടുത്തുന്നു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick