ലാദന് അഭയം നല്‍കിയെന്ന വാര്‍ത്ത പാക്കിസ്ഥാന്‍ നിഷേധിച്ചു

Wednesday 14 October 2015 12:02 pm IST

ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ലാദന്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം ഭരണകൂടത്തിലെയും സൈന്യത്തിലെയും ഉന്നതര്‍ക്ക് അറിയാമായിരുന്നുവെന്ന മുന്‍ പ്രതിരോധ മന്ത്രി അഹമ്മദ് മുക്താറിന്റെ വെളിപ്പെടുത്തല്‍ പാക്കിസ്ഥാന്‍ നിഷേധിച്ചു. മുക്താര്‍ കള്ളം പറയുകയാണെന്നും അമേരിക്കന്‍ ആക്രമണത്തില്‍ ലാദന്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് അദ്ദേഹം രാജ്യത്ത് ഉണ്ടെന്ന് അറിയുന്നതെന്നും പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷ്റഫിന്റെ അനുയായി റാഷിദ് ഖുറേഷി പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, ചാര സംഘടനയായ ഐഎസ്‌ഐ മേധാവി അഷ്ഫാഖ് പര്‍വേസ് കയാനി, ഇന്റലിജന്‍സ് മേധാവി എന്നിവര്‍ക്ക് ലാദന്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്നതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് മുന്‍ പ്രതിരോധ മന്ത്രി അഹമ്മദ് മുക്താറിന്റെ വെളിപ്പെടുത്തല്‍. 2011ലാണ് അബോട്ടബാദിലുണ്ടായ അമെരിക്കന്‍ വ്യോമാക്രമണത്തില്‍ ലാദന്‍ കൊല്ലപ്പെട്ടത്. ലാദന്‍ മരിച്ച്‌ നാല് വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍. ബിന്‍ലാദന്‍ അബോട്ടബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതിനെപ്പറ്റി അറിയില്ലെന്നാണ് പാക്കിസ്ഥാന്‍ ഇതുവരെ പറഞ്ഞിരുന്നത്.