ഹോം » പ്രാദേശികം » പത്തനംതിട്ട » 

എംഎല്‍എ വാക്കുപാലിച്ചില്ല; അംഗനവാടിയിലെ കുട്ടികള്‍ വീണ്ടും റോഡ് ഉപരോധിച്ചു

October 15, 2015

തിരുവല്ല: കോടതിവിധിയെ തുടര്‍ന്ന അംഗനവാടി ഒഴിപ്പിച്ച സംഭവത്തില്‍ ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് പിഞ്ചുകുട്ടികളും രക്ഷിതാക്കളും ഇന്നലെയും മുത്തൂര്‍കുറ്റപ്പുഴ റോഡ് ഉപരോധിച്ചു. പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കോടതി ഉത്തരവിനെ തുടര്‍ന്ന് ഒഴിപ്പിച്ച പ്രശ്‌നത്തില്‍ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു റോഡ് ഉപരോധം. ഇരുപതോളം കുട്ടികള്‍ പഠിച്ചിരുന്ന നഗരസഭയിലെ മുത്തൂര്‍ 31-ാംനമ്പര്‍ അംഗനവാടിയിലെ കുട്ടികളാണ് സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ പെരുവഴിയിലായത്. ഇവിടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗനവാടി ചൊവ്വാഴ്ച ഒഴിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഈകുട്ടികള്‍ക്ക് പഠിക്കാന്‍ സ്ഥലമില്ലാതായത്. കെട്ടിടം ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും കഴിഞ്ഞദിവസത്തെ കോരിച്ചൊരിയുന്ന മഴയിലും മുത്തൂര്‍ചുമത്ര റോഡ് ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് പരിഹാരം ഉണ്ടാക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നു. ഇതുകാരണം ഇന്നലെയും കുട്ടികള്‍ പഠിപ്പ് മുടങ്ങി. വീണ്ടും നടത്തിയ ഉപരോധത്തെതുടര്‍ന്ന് ഇന്നലെ സ്ഥലത്തെത്തിയ എംഎല്‍എയും തഹസില്‍ദാറും 16ന് ആര്‍ഡിഒ ഓഫിസില്‍ യോഗം ചേര്‍ന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പ് നല്‍കി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. മുത്തൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗനവാടി ഒഴിയണമെന്നാവശ്യപ്പെട്ട് കരയോഗം നല്‍കിയ ഹര്‍ജിയില്‍ കെട്ടിടം ഒഴിപ്പിക്കാന്‍ കോടതി ഉത്തരവായിരുന്നു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick