ഹോം » കേരളം » 

തോട്ടം തൊഴിലാളികള്‍ക്ക് മിനിമം വേതനം 301 രൂപ നല്‍കാന്‍ പിഎല്‍സി യോഗ ധാരണ

വെബ് ഡെസ്‌ക്
October 14, 2015

TEA-PLANTATIONതിരുവനന്തപുരം: തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികളുടെ മിനിമം വേതനം 301 രൂപയാക്കി ഉയര്‍ത്താമെന്ന് തോട്ടം ഉടമകള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍ന്നത്. ഏലം തൊഴിലാളികളുടെ കുറഞ്ഞ കൂലി 267 രൂപയില്‍ നിന്ന് 325 രൂപയാക്കി. റബ്ബര്‍ തൊഴിലാളികളുടെ കൂലി 317 രൂപയില്‍ നിന്ന് 381 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം 25 മുതലാണ് കൂലി വര്‍ധന ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കുറഞ്ഞ കൂലി അഞ്ഞൂറ് രൂപയാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഇത് സാദ്ധ്യമല്ലെന്നും കൂലി അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തിയാല്‍ തോട്ടം മേഖല അടച്ചുപൂട്ടേണ്ടി വരുമെന്നുമായിരുന്നു തോട്ടം ഉടമകളുടെ നിലപാട്.

തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മറ്റി പലവുരു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. നാല് കിലോ തേയില അധികമായി നുളളണമെന്ന നിബന്ധനയിലാണ് കൂലി 301 രൂപയാക്കി ഉയര്‍ത്താന്‍ തോട്ടം ഉടമകള്‍ സമ്മതിച്ചത്. നിലവില്‍ 21 കിലോ തേയിലയായിരുന്നു നുള്ളേണ്ടത്. കൂലി വര്‍ധിക്കുന്നതോടെ ഇത് 25 കിലോയാക്കി ഉയരും. 232 രൂപയായിരുന്നു നിലവിലെ കുറഞ്ഞ കൂലി.

ഇതേ ആവശ്യമുന്നയിച്ച് മൂന്നാറില്‍ പെമ്പിളെ ഒരുമെ ഉള്‍പ്പെടെയുളള തോട്ടം തൊഴിലാളി കൂട്ടായ്മകളും നിരാഹാരം ഉള്‍പ്പെടെയുള്ള സമരത്തിലേക്ക് നീങ്ങിയിരുന്നു. തീരുമാനം വൈകുന്നതിനാല്‍ പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികളുടെ ജീവിതവും ദുരിതപൂര്‍ണമാക്കി. ഈ സാഹചര്യത്തിലാണ് ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.

ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് മൂന്നാറില്‍ നടത്തിവന്ന സമരം പിന്‍വലിക്കുന്നതായി ഐക്യ ട്രേഡ് യൂണിയന്‍ അറിയിച്ചു. അതേസമയം സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് നാളെ തീരുമാനമെടുക്കുമെന്ന് പെമ്പിളെ ഒരുമെ അറിയിച്ചു.

Related News from Archive
Editor's Pick