ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ആന്തൂര്‍ നഗരസഭയില്‍ 10 വാര്‍ഡുകളില്‍ എതിരില്ല: പത്രികാ സമര്‍പ്പിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി

October 14, 2015

കണ്ണൂര്‍: തളിപ്പറമ്പ് ആന്തൂരിലെ കന്നി നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്ത് വാര്‍ഡുകളില്‍ സി.പി. എമ്മിന് എതിരില്ല. പത്രിക നല്‍കാനുള്ള അവസാന ദിവസമായ ഇന്നലെ ഈ വാര്‍ഡുകളില്‍ നിന്നു സി.പി. എം സ്ഥാനാര്‍ഥികളല്ലാതെ മറ്റാരും പത്രിക നല്‍കിയില്ല.
അതേ സമയം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സി.പി. എം നേതൃത്വത്തിന്റെ ഭീഷണി കാരണം സാധിച്ചില്ലെന്ന് ബിജെപിയും കോണ്‍ഗ്രസും ആരോപിച്ചു. പലയിടങ്ങളിലും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ത്ഥികളെ വീടുകളിലെത്തി സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയാണ് ഇവിടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. ഇവര്‍ക്കും എതിര്‍ സ്ഥാനാര്‍ത്ഥിയില്ല. തളിപ്പറമ്പ് നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് ശ്യാമള.
കന്നി കോര്‍പ്പേറഷന്‍ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയ കണ്ണൂരില്‍ കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ഥിത്വം തലവേദനയായി . കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളാണ്. ഇതില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 35 സീറ്റുകളില്‍ 14 എണ്ണത്തിലും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി . അഞ്ച് ദിവസങ്ങളായി നടന്ന നീണ്ട മാരത്തോണ്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് ലീഗ് ചര്‍ച്ചകള്‍ നിരവധി വഴിമുട്ടിയെങ്കിലും ഇന്നലെ രാവിലെയോടെ ഏകദേശ ധാരണയിലെത്തിയിരുന്നു.എന്നാല്‍ പിന്നീട് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയായി തര്‍ക്കം. സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതമായി നീങ്ങിയപ്പോള്‍ സ്ഥാനമോഹികളായ എഗ്രൂപ്പ് നേതാക്കളുള്‍പ്പെടെ നേതൃത്വത്തെ വെല്ലുവിളിച്ച് പത്രിക നല്‍കിയിരിക്കുകയാണ്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick