ഹോം » പ്രാദേശികം » എറണാകുളം » 

മുടക്കുഴയില്‍ മുന്നേറാന്‍ ബിജെപി

October 14, 2015

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ മുന്നേറ്റങ്ങള്‍ ലക്ഷ്യംവച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപിക്ക് പ്രാതിനിധ്യമുള്ള ചുരുക്കം പഞ്ചായത്തുകളിലൊന്നാണ് മുടക്കുഴ. പത്ത് വര്‍ഷമായി രണ്ടാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിക്കുന്നത്. ഈനേട്ടം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ബിജെപി ക്യാമ്പ്. 1200-ല്‍ അധികം വോട്ടര്‍മാരുള്ളപ്പോഴാണ് രണ്ടാം വാര്‍ഡില്‍ ബിജെപി നേട്ടം കൈവരിച്ചത്. നിലവില്‍ 126വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ വിജയം. ഇപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 1040ആയി കുറഞ്ഞിരിക്കുന്നതും ബിജെപി ആശ്വാസമാണ്. ഇക്കുറി എസ്‌സി സംവരണമാണ് ഈ വാര്‍ഡ്. ധന്‍ഷസുധിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. രണ്ടാം വാര്‍ഡില്‍ വിജയം ഉറപ്പിച്ച ബിജെപി മുടക്കുഴയില്‍ 8,13വാര്‍ഡുകളിലും നേട്ടം കൊയ്യുമെന്ന പ്രതീക്ഷയും പ്രകടിപ്പിക്കുന്നു. പ്രളയക്കാട് മഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന എട്ടാം വാര്‍ഡും വനിത സംവരണമാണ്. പ്രീതരാജനാണ് ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാസങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തകര്‍ ഗൃഹസമ്പര്‍ക്കം ആരംഭിച്ചിരുന്നു. ഇന്നലെ പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. 13വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും ബിജെപി പ്രവര്‍ത്തകരും ഈ പ്രകടനത്തില്‍ ഒത്തുചേര്‍ന്നു. സ്ഥാനാര്‍ത്ഥികളെ ഹാരമണിയിച്ചാണ് സ്വീകരിച്ചത്.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick