ഹോം » ഭാരതം » 

നേതാജിയുടെ തിരോധാനം: രേഖകള്‍ ജനു. 23ന് പരസ്യപ്പെടുത്തുമെന്ന് മോദി

MODI-BOSEന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള എല്ലാ രേഖകളും പരസ്യപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജിയുടെ ജന്മവാര്‍ഷികമായ ജനുവരി 23ന് ആദ്യഘട്ട രേഖകള്‍ പുറത്തുവിടുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നേതാജിയുടെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നരേന്ദ്രമോദി തീരുമാനം അറിയിച്ചത്.

ചരിത്രം മറച്ചുപിടിക്കേണ്ട ആവശ്യമില്ല. അവരുടെ ചരിത്രം മറക്കേണ്ടതല്ല. തന്നെ നിങ്ങളിലൊരാളായി കാണാന്‍ പ്രധാനമന്ത്രി നേതാജിയുടെ കുടുംബാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ 32 കുടുംബാംഗങ്ങളാണ് ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ഒത്തുചേര്‍ന്നത്.

നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താന്‍ മറ്റു രാജ്യങ്ങളോടും ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യം വെറുതെ കത്തെഴുതി ആവശ്യപ്പെടുക മാത്രമല്ല, ലോകനേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ഉന്നയിക്കുമെന്നും മോദി അറിയിച്ചു. ഡിസംബറില്‍ റഷ്യയിലേക്ക് നടത്തുന്ന യാത്രയില്‍ ഈ വിഷയം റഷ്യന്‍ നേതൃത്വവുമായി ഉന്നയിക്കും. നേതാജിയുടെ കുടുംബവുമായി നടത്തിയത് സമഗ്രവും മറക്കാനാവാത്തതുമായ സംഭാഷണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വളരെയധികം മികച്ച കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടത്തിയതെന്ന് നേതാജിയുടെ മരുമകന്‍ അര്‍ദ്ധേന്ദു ബോസ് പറഞ്ഞു.

സപ്തംബര്‍ 18ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞമാസത്തെ മന്‍കീ ബാത്തിലാണ് നേതാജിയുടെ കുടുംബാംഗങ്ങളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 130 രഹസ്യ രേഖകളാണ് കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ളത്. ജനുവരിയില്‍ രേഖകള്‍ പരസ്യപ്പെടുത്തുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Related News from Archive
Editor's Pick