ഹോം » കേരളം » 

സ്വകാര്യ മില്ലിലേക്ക് കടത്തുകയായിരുന്ന ഒമ്പതുടണ്‍ റേഷന്‍ ധാന്യം പിടികൂടി

October 14, 2015

police rationപാലക്കാട്: സ്വകാര്യ മില്ലിലേക്ക് കടത്തുകയായിരുന്ന ഒമ്പതുടണ്‍ റേഷന്‍ ഭക്ഷ്യധാന്യം പോലീസ് പിടികൂടി. രണ്ടു മിനിലോറികളിലായി കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ ഗോതമ്പും നാല് ടണ്‍ പച്ചരിയുമാണ് കസബ പോലീസ് പിടിച്ചെടുത്തത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കൊടുമ്പ് സ്വദേശി മനോജ്, മരുതൂര്‍ സ്വദേശി നാരായണന്‍കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരുമാണ്.

ഇരട്ടയാലിലുള്ള സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നാണ് നൂറ് ചാക്ക് ഗോതമ്പും 80 ചാക്ക് പച്ചരിയും കടത്തിയത്. എത്തനൂരിലെ മില്ലിലേക്കാണ് ഇവ കൊണ്ടുപോയിരുന്നതെന്ന് പോലീസ് പറഞ്ഞു. സംശയം തോന്നിയ സാഹചര്യത്തില്‍ പള്ളത്തേരിയില്‍വച്ച് പോലീസ് ലോറികള്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ കാണിച്ച ബില്ലുകള്‍ വ്യാജമാണെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ലോറികളടക്കം പോലീസ് കസ്റ്റഡിയിലെടുത്തത്.
റേഷന്‍ കടകളില്‍ വിതരണത്തിന് എത്തിക്കേണ്ട ധാന്യം സ്വകാര്യ മില്ലിനു നല്‍കിയതായുള്ള രേഖയും പോലീസ് പിടിച്ചെടുത്തു. നല്ലേപ്പിളളി മുജീബ് ട്രേഡേഴ്‌സിന്റെ പേരില്‍ ധാന്യം അനുവദിച്ചതായാണ് ബില്ല്.

പിടിച്ചെടുത്ത ഭക്ഷ്യധാന്യം താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നുണ്ട്. അവശ്യസാധന നിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ട്.

Related News from Archive
Editor's Pick