ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ഉടന്‍ നിലവില്‍വരും: മന്ത്രി

July 2, 2011

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ദിവസങ്ങള്‍ക്കകം നിലവില്‍വരുമെന്ന്‌ മന്ത്രി വിഎസ്‌ ശിവകുമാര്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനകള്‍ക്കുള്ള സുഖചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനക്കോട്ടയില്‍ ശുചിത്വത്തിന്‌ ഏറെ പ്രാധാന്യം നല്‍കും. കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ടൂറിസം മന്ത്രി കെ.സി.വേണുഗോപാല്‍ ആനക്കോട്ടയുടെ വികസനത്തിന്‌ അഞ്ചുകോടി രൂപ നല്‍കിയിരുന്നു. ആതുക ഏത്‌ വിധത്തിലാണ്‌ ചിലവഴിച്ചതെന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തും. മാടമ്പ്‌ കുഞ്ഞുകുട്ടന്‍, ആവണാപ്പറമ്പ്‌ മഹേശ്വരന്‍ നമ്പൂതിരിപ്പാട്‌,ഡോ.കെ.സി.പണിക്കര്‍,അഡ്മിനിസ്ട്രേറ്റര്‍ കെ.എം.രഘുരാമന്‍, പി.സി.ആര്‍.നമ്പ്യാര്‍, ഡോ.വിവേക്‌, കെ.എന്‍.മോഹന്‍ബാബു, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു. ആനക്കോട്ടയിലെത്തിയ മന്ത്രി കുളവും വൃത്തിഹീനമായികിടക്കുന്ന ആനകളെ കെട്ടുന്ന തറികളും സന്ദര്‍ശിച്ചു. വൃത്തിയില്ലാത്ത സ്ഥലത്ത്‌ സുഖചികിത്സ നടത്തിയതുകൊണ്ട്‌ കാര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick