ഹോം » കേരളം » 

മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് ജന്‍ ഔഷധി സിഇഒ

October 16, 2015

cancer medicinesകൊച്ചി: കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകള്‍ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജന്‍ ഔഷധി യോജനയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പദ്ധതി സിഇഒ. മൂന്ന് തവണ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടും മറുപടിയുണ്ടായില്ല. ഇനി സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് തീരുമാനം.

പദ്ധതി നടപ്പിലാക്കാന്‍ താത്പര്യമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ജന്‍ഔഷധി സിഇഒ എം.ഡി ശ്രീകുമാര്‍ പറഞ്ഞു. സ്വകാര്യ ഗ്രൂപ്പുമായി സഹകരിച്ച് നൂറ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് തള്ളുന്നതാണ് സിഇഒയുടെ പരാമര്‍ശം.

2008ലാണ് പദ്ധതി ആരംഭിച്ചതെങ്കിലും കഴിഞ്ഞ ആറ് മാസത്തിനിടെയാണ് പുരോഗതിയുണ്ടായത്. 425 ജനറിക് മരുന്നുകള്‍ 50 മുതല്‍ 80 ശതമാനം വരെ വിലകുറച്ച് നല്‍കുന്നതാണ് പദ്ധതി. രാജ്യത്തൊട്ടാകെ 3000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും. വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സൗകര്യമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. തുടക്കത്തില്‍ രണ്ടര ലക്ഷത്തിന്റെ സാമ്പത്തിക സഹായവും നല്‍കും. എന്നാല്‍ കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick