ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ജനമൈത്രി സ്ത്രീസുരക്ഷാ പദ്ധതി പരിശീലനം തുടങ്ങി

October 15, 2015

w 4 (1)
കണ്ണൂര്‍: സ്വയം പ്രതിരോധ മുറകള്‍ പഠിപ്പിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്താനും സുരക്ഷ ഉറപ്പാക്കാനുമുളള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കം. ജനമൈത്രി സ്ത്രീ സുരക്ഷാ പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ ഒരു വര്‍ഷം കൊണ്ട് കാല്‍ലക്ഷം വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിനായുളള മാസ്റ്റര്‍ ട്രെയിനര്‍മാരെ സജ്ജരാക്കാനുളള ക്ലാസാണ് കണ്ണൂരിലെ സായുധ പൊലീസ് സേനാ ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വനിതാ പൊലീസ്, കുടുംബശ്രീ അംഗങ്ങള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ എന്നിങ്ങനെ 50 പേരാണ് 5 ദിവസത്തെ പരിശീലനക്ലാസില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ സ്‌കൂളുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ വഴി ഇവര്‍ സ്ത്രീകളെ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പരിശീലിപ്പിക്കും. പരമ്പരാഗത ആയോധനാഭ്യാസങ്ങളുടെ സങ്കീര്‍ണതയോ കാഠിന്യമോ ഇല്ലാതെ ലളിതമായ മാര്‍ഗങ്ങളിലുടെ എങ്ങനെ സ്വയരക്ഷ ഉറപ്പാക്കാമെന്നാണ് പരിശീലിപ്പിക്കുന്നത്. ഓരോ വ്യക്തികളും എടുക്കേണ്ട മുന്‍കരുതലുകള്‍, ജാഗ്രത, കയ്യേറ്റങ്ങളോ ശല്യപ്പെടുത്തലോ ഉണ്ടായാല്‍ നേരിടേണ്ടവിധം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ ഊന്നല്‍. സമഗ്ര സമീപനത്തിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഘട്ടങ്ങളില്‍ പൊലീസില്‍നിന്ന് ലഭിക്കുന്ന സഹായങ്ങളെയും സമീപിക്കേണ്ട സംവിധാനങ്ങളെയും കുറിച്ചും ബോധവല്‍ക്കരിക്കും. ചുരുങ്ങിയത് 20 മണിക്കൂര്‍ ലഭിക്കും വിധം 15 ദിവസത്തെ പരിശീലനമാണ് ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്ററായ പൊലീസ് ഇന്‍ഫര്‍മേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.രാജശേഖരന്‍ പറഞ്ഞു. 5 ജില്ലകളില്‍ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി പി എന്‍ ഉണ്ണിരാജന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. പൊലീസ് ഇന്‍ഫര്‍മേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. പൊലീസ് കമാന്‍ഡോ സിഐ വി.ജി.അജിത് കുമാര്‍, വനിതാ സെല്‍ സിഐ പി.എസ്.സ്വര്‍ണമ്മ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick