ഹോം » പ്രാദേശികം » കാസര്‍കോട് » 

ചെമ്മനാട് പഞ്ചായത്തില്‍ 22 വാര്‍ഡില്‍ ബിജെപിക്കെതിരെ രഹസ്യ ധാരണ

October 15, 2015

കാസര്‍കോട്: ചെമ്മനാട് പഞ്ചായത്തിലെ ചളിയംകോട് 22 വാര്‍ഡില്‍ ബിജെപിക്കെതിരെ ഐഎന്‍എല്‍ ലീഗ് യുഡിഎഫ് രഹസ്യധാരണ. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഗംഗാസദാശിവനിലൂടെ ബിജെപി 146 വോട്ടുകളുടെ ഭൂരിപക്ഷം നേടി താമര വിരിയിച്ച വാര്‍ഡിലാണ് ഇത്തവണ രഹസ്യധാരണയുണ്ടായിരിക്കുന്നത്. നിലവില്‍ ഈ വാര്‍ഡില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥികളില്ലെന്ന പ്രത്യേകത കൂടിയുണ്ട്. 2005 ലെ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഹ്മാന്‍ 157 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ലീഗ് സ്ഥാനാര്‍ത്ഥി ഖാലിദിന് 147 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ജനസംഘത്തിലൂടെ ബിജെപിയിലെത്തിയ കെ.മാധവന്‍ നായരാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ ഭൂരിപക്ഷം കുറയ്ക്കുകയെന്ന കണക്കുകൂട്ടലുമായാണ് വിചിത്രമായ സഖ്യം രൂപപ്പെട്ടതെന്നാണ് സൂചന. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ടി.കെ.കണ്ണനും, ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി മുനീര്‍ ചളിയംകൊടും, ലീഗ് സ്ഥാനാര്‍ത്ഥിയായി കബീര്‍ പള്ളിപ്പുറവും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വാര്‍ഡില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്നുവെന്ന് പ്രതീതിയുണ്ടാക്കുകയാണ് ലക്ഷ്യം. ഇവര്‍ തമ്മിലുണ്ടാക്കിയ രഹസ്യ ധാരണകളുടെ ഫലമായി നാമനിര്‍ദ്ദേശ പത്രികകള്‍ വരും ദിവസങ്ങളില്‍ പിന്‍വലിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ചളിയംകോടുള്ള ലീഗ് ഉദുമ മണ്ഡലം ഓഫീസില്‍ ടി.കെ.കണ്ണനെ വിളിച്ചു വരുത്തി രഹസ്യധാരണയുണ്ടാക്കിയെന്നാണ് വിവരം. വിജയിച്ചാല്‍ വാര്‍ഡില്‍ നടപ്പാക്കുന്ന വികസന കാര്യങ്ങളെക്കുറിച്ച് ആദ്യം ലീഗ് യോഗത്തില്‍ ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനിക്കുവെന്ന തരത്തില്‍ രേഖാമൂലം ഉറപ്പുകള്‍ വാങ്ങിയതായും സൂചനയുണ്ട്. അതിനാല്‍ മറ്റ് രണ്ട് പേര്‍ അവസാന ദിവസം പത്രിക പിന്‍വലിക്കാന്‍ ധാരണയായിട്ടുണ്ട്. ബിജെപി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞ കോമാലി സഖ്യത്തിന് അടിവരയിടുന്നതാണ് ചെമ്മനാട് പഞ്ചായത്തില്‍ രൂപപ്പെട്ടിരിക്കുന്ന ഈ സഖ്യം തെളിയിക്കുന്നത്.

Related News from Archive
Editor's Pick