ഹോം » പ്രാദേശികം » കാസര്‍കോട് » 

പ്രചാരണത്തിന് ഫ്‌ളക്‌സ് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം: കളക്ടര്‍

October 15, 2015

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് ജില്ല കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ബാനറുകള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍ എന്നിവ പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കളായ തുണി, പേപ്പര്‍, പോളി എത്തിലിന്‍ മുതലായവ കൊണ്ട് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയകക്ഷികളും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാന മാലിന്യ പ്രശ്‌നമാണ് പുന:ചംക്രമണം ചെയ്യാന്‍ സാധിക്കാത്ത ക്ലോറിനേറ്റഡ് ഫഌക്‌സിന്റെ വര്‍ദ്ധിച്ച ഉപയോഗം. ഇവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്‌സിന്‍, ഫഌൂറാന്‍ തുടങ്ങിയ ക്യാന്‍സര്‍ ജന്യമായ വിഷ വാതകങ്ങള്‍ ജീവന്റെ നിലനില്‍പ്പിന് ഭീഷണിയും മാറാരോഗങ്ങള്‍ക്ക് കാരണവുമാണ്. പി.വി.സി ഫഌക്‌സുകള്‍ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ നാല്‍പത് ഡിഗ്രി സെല്‍ഷ്യസിനപ്പുറം താപ നിലയില്‍ ഡീ-ഹൈഡ്രോ ക്ലോറിനേഷന് വിധേയമായി, വിഷരാസ പദാര്‍ത്ഥങ്ങള്‍ പുറന്തള്ളുകയും അവ ശ്വസിക്കുന്നത് പല തരം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഈ കാരണങ്ങള്‍ക്കൊണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളില്‍ പോലും ഉപയോഗിക്കുന്ന പി.വി.സി യുടെ ഉപയോഗം ഭാഗികമായോ പൂര്‍ണ്ണമായോ നിരോധിച്ചിട്ടുണ്ട്.
പി.വി.സി ഫഌക്‌സുകള്‍ പരിസ്ഥിതിക്ക് ദോഷകരമായതിനാല്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നില്‍കി കൊണ്ടും ഘട്ടംഘട്ടമായുള്ള നിരോധനത്തിലേക്ക് ഉത്തരവാകുകയും ചെയ്തു. പി.വി.സി ഫഌക്‌സിന് പകരമായി പോളി എത്തിലീനാല്‍ നിര്‍മ്മിതമായിട്ടുള്ളതും 100 ശതമാനം റീസൈക്ലിംഗ് ചെയ്യാവുന്നതുമായ പോളി എത്തിലീന്‍ പ്രിന്റിംഗ് മെറ്റീരിയല്‍ ഉപയോഗിച്ചു വരുന്നു. ക്ലോറിന്‍ വിമുക്തമായതു കൊണ്ട് ഇവയില്‍ നിന്നും പുന:ചെക്രമണ വേളയില്‍ വിഷവാതകങ്ങള്‍ പുറന്തള്ളപ്പെടുന്നില്ല. പി.വി.സി ഫഌക്‌സിന് ബദലായി 100 ശതമാനം പി.വി.സി രഹിത റീ-സൈക്ലബിള്‍ ആയ പോളി എത്തിലിന്‍ നിര്‍മ്മിത പ്രിന്റിംഗ് മെറ്റീരിയല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നുണ്ട്. ഇത് പ്രിന്റിംഗിനുവേണ്ടി ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്. ഇതുസംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി.വി രാധാകൃഷ്ണന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജില്ലാകളക്ടുടെ ഈ ഉത്തരവ്.

Related News from Archive
Editor's Pick