ഹോം » പ്രാദേശികം » തിരുവനന്തപുരം » 

കഴക്കൂട്ടം-മുക്കോല ദേശീയപാത: പരമാവധി മരങ്ങള്‍ സംരക്ഷിക്കും-ചീഫ് സെക്രട്ടറി

October 16, 2015

തിരുവനന്തപുരം: കഴക്കൂട്ടം-മുക്കോല ദേശീയപാത വികസനത്തിന്റെ ഭാഗമായി മീഡിയനിലെ 491 മരങ്ങളും യൂട്ടിലിറ്റി ഏര്യയിലെ മരങ്ങളും സംരക്ഷിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. 26.5 കിലോമീറ്ററില്‍ 4700 മരങ്ങളുണ്ടെന്നാണ് ഹൈവേ അതോറിറ്റിയുടെ കണക്ക്. യൂട്ടിലിറ്റി സര്‍വീസ് ഏര്യകള്‍ക്കിടയിലുള്ള മരങ്ങള്‍ മുറിക്കണ്ട എന്നാണ് താത്കാലിക തീരുമാനം. തടസ്സമായാല്‍ മാത്രം പിന്നീട് മുറിക്കും. ബാക്കിയുള്ള മരങ്ങളെല്ലാം മുറിക്കാനാണ് ചര്‍ച്ചയില്‍ തീരുമാനിച്ചത്. പരിശോധന പൂര്‍ത്തിയാക്കിയ കഴക്കൂട്ടം മുതല്‍ ചാക്ക വരെയുള്ള സ്ഥലങ്ങളിലെ മരങ്ങള്‍ നാളെ മുതല്‍ മുറിച്ചു തുടങ്ങും.
ഇരുഭാഗത്തേക്കും ഒമ്പത് മീറ്റര്‍ വീതിയില്‍ പ്രധാന റോഡും ഇടയില്‍ നാല് മീറ്റര്‍ വീതിയില്‍ മീഡിയനുമാണ് നിര്‍മിക്കുന്നത്. മീഡിയനില്‍ കുറ്റിച്ചെടികള്‍ മാത്രമേ നട്ടുപിടിപ്പിക്കാവൂ എന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ ആദ്യനിലപാട്. ഇതിന് സാങ്കേതികമായ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. സംയുക്ത പരിശോധനയില്‍നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മീഡിയനിലെ മരങ്ങള്‍കൂടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം ദേശീയപാതയുടെ ഇരുവശങ്ങളിലും 45 മീറ്ററിനുള്ളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി സമ്മതിച്ചിട്ടുണ്ട്. സൈനിക് സ്‌കൂള്‍ കോമ്പൗണ്ടില്‍ 35 ഏക്കറിലും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ പരിസരത്ത് 10 ഏക്കറിലും കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അഞ്ച് ഏക്കറിലും 40,000 മരങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതിന് 87 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ദേശീയപാത അതോറിറ്റി ഈ തുക സാമൂഹ്യ വനവത്കരണ വകുപ്പിന് നല്‍കും. മരങ്ങള്‍ പിഴുതുമാറ്റി വച്ചുപിടിപ്പിക്കുന്നതിന് പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതിനാവശ്യമായ യന്ത്രം ലഭ്യമല്ലെന്നതും പുതിയ യന്ത്രം വാങ്ങാന്‍ സമയമെടുക്കുമെന്നതും കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ചര്‍ച്ചയില്‍ തണല്‍ പ്രോജക്ട് ഡയറക്ടര്‍ ശ്രീധര്‍, നാഷനല്‍ ഹൈവേ പ്രോജക്ട് ഡയറക്ടര്‍ വെങ്കിടേഷ് കൃഷ്ണ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വര്‍ഷിനി എന്നിവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick