ഹോം » സംസ്കൃതി » 

പ്രതിജ്ഞാ പരിപാലനം

രാമപാദങ്ങളില്‍ - 178

എനിക്കെന്തിനാണ് രാജ്യവും ജീവിതവും? ഇനി രാവണനോട് യുദ്ധം ചെയ്തിട്ടും കാര്യമില്ല. ലക്ഷ്മണന്‍ ഈ സമരഭൂമിയില്‍ വീണുകിടക്കുന്നു. ഭാര്യയേയും ബന്ധുക്കളേയും ദേശംതോറും കിട്ടും. പക്ഷെ ഒരു സഹോദരനെ എവിടെനിന്നാണ് കിട്ടുക.

ഇങ്ങനെ ആശയറ്റ് വിലപിച്ചുകൊണ്ടിരുന്ന രാമനെ ആശ്വസിപ്പിച്ചുകൊണ്ടും ധൈര്യം നല്‍കിക്കൊണ്ടും സുഷേണന്‍ ഹനുമാനെ നോക്കിക്കൊണ്ട് പറഞ്ഞു. മാരുതേ അങ്ങ് എത്രയും പെട്ടെന്ന് പുറപ്പെട്ട് ഋഷഭക പര്‍വതത്തില്‍ നിന്നും വിശല്യകരണി, സവര്‍ണകരണി സഞ്ജീവനി സന്ധാനകരണി എന്നീ ഔഷധികള്‍ കൊണ്ടുവരിക. പുലരുന്നതിനു മുമ്പെ മരുന്നുകള്‍ ഇവിടെ എത്തിയിരിക്കണം. അല്ലാത്തപക്ഷം ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ പ്രയാസമാകും.

സുഷേണന്റെ വാക്കുകേട്ട് ഹനുമാന്‍ ഒട്ടും വൈകാതെ ഋഷഭക പര്‍വതത്തിലെത്തിയെങ്കിലും ഔഷധികള്‍ തിരിച്ചറിയാനാകാതെ ‘ഫുല്ലനാനാതരുഗണം സമുത് പാട്യ മഹാബലഃ’ പലവിധ പുഷ്പിത വൃക്ഷങ്ങള്‍ പിഴുതെടുത്ത് ആ മഹാബലവാന്‍ നേരം പുലരുംമുമ്പെ രാമസമക്ഷം എത്തി മരുന്നുകളുടെ ബാഹുല്യം കണ്ട് വിസ്മയിച്ച സുഷേണന്‍ ഹനുമാന്‍ പര്‍വതംതന്നെ പൊക്കിയെടുത്തുകൊണ്ടുവന്നോ എന്നു ചോദിച്ചു. സുഷേണന്‍ ആ ഔഷധങ്ങളുപയോഗിച്ച് ലക്ഷ്മണനെ ചികിത്സിച്ചു. മരുന്നുകളുടെ ഗന്ധം ഏറ്റപ്പോള്‍ തന്നെ സൗമിത്രിക്ക് ബോധം തെളിഞ്ഞു. മുറിവുകള്‍ നികന്നു. ആരോഗ്യം വീണ്ടുകിട്ടി. സുഷേണന്‍ വിഭീഷണനോട് ചോദിച്ചു. വേദന എങ്ങനെയുണ്ട്? സുഷേണന്റെ ചോദ്യത്തിനുത്തരമായി ലക്ഷ്മണന്‍ പറഞ്ഞു.

ഈഷന്മാത്രമഹം വേദ്മി
സ്ഫുടം യോ വേത്തി രാഘവഃ
വേദനാ രാഘവേന്ദ്രസ്യ
കേവലംവ്രണിനോവയം.

എനിക്ക് സ്വല്പമേ വേദനിച്ചുള്ളു. ശരിക്കുള്ള വേദന എന്തെന്ന് രാമനേ അറിയൂ. എന്തെന്നാല്‍ മുറിവ് എനിക്കും വേദന അദ്ദേഹത്തിനും ആയിരുന്നു. രാമന്‍ ലക്ഷ്മണനെ അടുത്തുവിളിച്ചു മാറോടണച്ചു. ലക്ഷ്മണനെക്കൂടാതെ തനിക്ക് ജീവിതവും ജയവും ഒന്നും വേണ്ടെന്ന് രാമന്‍ പറഞ്ഞു. ഇത് കേട്ട് ദുഃഖിതനായ ലക്ഷ്മണന്‍ എന്തുവന്നാലും പ്രതിജ്ഞ പരിപാലിക്കുകതന്നെ വേണമെന്ന് പറഞ്ഞ് രാമനെ ആശ്വസിപ്പിച്ചു.

ലക്ഷണം ഹി മഹത്ത്വസ്യ പ്രതിജ്ഞാ പരിപാലനം (യുദ്ധം 101:52)മഹത്തുക്കളുടെ ലക്ഷണംതന്നെ പ്രതിജ്ഞ പാലിക്കുക എന്നതാണ്. രാവണന്‍ സമ്പൂര്‍ണമായ തയ്യാറെടുപ്പോടെ രഥത്തില്‍ യുദ്ധക്കളത്തിലെത്തി.

Related News from Archive
Editor's Pick