ഹോം » സംസ്കൃതി » 

അഹിംസകപ്പട്ടം

October 17, 2015
മനുഷ്യന്‍ സസ്യഭുക്കാണോ മാംസഭുക്കാണോ എന്നുള്ള ചര്‍ച്ച സര്‍വ്വസാധാരണമാണ്. ശ്രീ ചട്ടമ്പിസ്വാമികള്‍ രചിച്ച 'ജീവകാരുണ്യനിരൂപണം' എന്ന പ്രബന്ധത്തില്‍ ഈ വിഷയത്തെ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങളാണ് ഇന്നലെ മുതല്‍ ആരംഭിച്ചത്.

chattampi swamikalഈ വക ഹിംസകളില്‍ നിന്നൊഴിയാമെന്നുവച്ചാല്‍ത്തന്നെ മനുഷ്യന് അഹിംസകപ്പട്ടം കിട്ടുമോ? ഇല്ലില്ല;ഒരിക്കലുമില്ല. എന്തുകൊണ്ടെന്നാല്‍ ‘ഞങ്ങള്‍ മാംസഭുക്കുകളല്ല: സസ്യഭുക്കുകളാണ്. സസ്യങ്ങള്‍ക്ക് ജീവനില്ലാത്തതിനാല്‍ ഞങ്ങള്‍ അഹിംസകന്മാരാണ്’. എന്നു ഡീക്കുപറയുന്ന മിടുക്കന്മാര്‍ മാംസത്തോടു ഏറ്റവും അടുത്ത പാല്‍, നെയ്യ് മുതലായവയെ പതുക്കെ സസ്യവര്‍ഗ്ഗത്തിലേയ്ക്ക് കടത്തിവിട്ട് സ്വീകരിച്ചുവരുന്നു. അതു ശരിയല്ല. പാലു കുടിക്കാമെങ്കില്‍ മാംസവും തിന്നാം.

സസ്യങ്ങള്‍ക്ക് ജീവനും വേദനയും ഇല്ല എന്നു പറയുന്നതും ശരിയല്ല. അതുകള്‍ക്കു, വേദനയറിയുന്നതിന് ശക്തിയുണ്ടെന്നുള്ളതിനനുസരണമായ വികാരങ്ങളുണ്ടെന്നും, മദ്യപാനം നിമിത്തം അവര്‍ക്ക് ലഹരിയുണ്ടാകുന്നുണ്ടെന്നും ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നു.

അതിനാല്‍ ചരങ്ങളേപ്പോലെ തന്നെ അചരങ്ങളായ വൃക്ഷം, ചെടി, ധാന്യം മുതലായവയ്ക്കും ജീവനുണ്ട്. ആ സ്ഥിതിയ്ക്ക് സസ്യങ്ങള്‍ മാത്രം ഭക്ഷിച്ചു ജീവിച്ചാലും ഹിംസകന്‍ തന്നെ. അതുമാത്രമല്ല കൃഷി, സഞ്ചാരം, അടിച്ചുതളി, വിളക്കുവെയ്പ്പ്, കറിക്കുവെട്ടല്‍, നെല്ലുകുത്തല്‍, ഇരിപ്പ്, കിടപ്പ്, ഇതുകള്‍ നിമിത്തം തവള, പുഴു, എറുമ്പ്, മുതലായി എത്രയോ കോടി ചരജന്തുക്കള്‍ നശിക്കുന്നു.

എന്നുവേണ്ടാ പാല്‍ കുടിക്കല്‍, ജലപാനം, ശ്വാസോച്ഛ്വാസം, ഭേദി (വയറിളക്കല്‍) എന്നീ കൃത്യങ്ങള്‍ പോലും അതികൃശങ്ങളായ അസംഖ്യം ജീവാണുക്കളുടെ ഹിംസയ്ക്ക് ഹേതുവാകുന്നു. ഒരു മതവും ഒരു മതസ്ഥനും ഹിംസയെ അനുവദിക്കാതെയും ചെയ്യിക്കാതെയും ചെയ്യാതെയും ഇരിക്കുന്നില്ല. ആദ്യം മാംസം ഭക്ഷിച്ചു വന്ന് പിന്നീട് വേണ്ടെന്നുപേക്ഷിച്ചിരുന്ന ചില മാന്യന്മാരെ മഹാപണ്ഡിതന്മാരായ സന്യാസി ശ്രേഷ്ഠന്മാര്‍ യുക്തിയുക്തം വ്യവഹരിച്ചുപദേശിച്ച് രണ്ടാമതും മാംസഭക്ഷകന്മാരാക്കിയതായി കേള്‍വിയുണ്ട്.

മാന്യമഹതികളായ അമ്മമാര്‍ പലരും ഈ ഉപദേശം അനുസരിച്ച് സമാധിയ്ക്ക് ശരീരബലം വേണമെന്നും അതിനു മാംസഭക്ഷണം അത്യാവശ്യമാണെന്നും ഇതിനു മടിക്കുന്നവര്‍ മഹാപാപികളാണെന്നും ഞങ്ങള്‍ അക്കൂട്ടരല്ലെന്നും വ്യവഹരിക്കുന്നുണ്ടെന്നും കേള്‍വിയുണ്ട്.

ഇക്കാലത്തേക്കെന്നല്ല ഏതുകാലത്തും ആര്‍ക്കും ഈ സംഗതിയെപ്പറ്റി ഇതിലപ്പുറം ശ്രുതി യുക്ത്യാനുഭവങ്ങള്‍ എന്താണു വേണ്ടത്? ഇനി മൃഗാദിജന്തുക്കളെ നോക്കിയാലോ? തവള ഈച്ചയെ പിടിച്ചു തിന്നുന്നു. ചേര തവളയെ, പന്നി ചേരയെ, കടുവ പന്നിയെ, പല്ലി ചിലന്തിയെ, വലിയ മത്സ്യങ്ങള്‍ ചെറിയ മത്സ്യങ്ങളെ ഇങ്ങനെ പറഞ്ഞുകൊണ്ടു പോയാല്‍ അവസാനിക്കയില്ല. അതിനാല്‍ ഇവിടെ ചുരുക്കുന്നു.

തുടരും

Related News from Archive
Editor's Pick