ഹോം » പ്രാദേശികം » ആലപ്പുഴ » 

‘മൂത്രപ്പുര’ നിര്‍മ്മിക്കാന്‍ കഴിയാത്തവര്‍ വൈഫൈ വാഗ്ദാനവുമായി രംഗത്ത്

October 17, 2015

ആലപ്പുഴ: കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണത്തിനിടെ ആലപ്പുഴ നഗരത്തില്‍ മൂത്രപ്പുര പോലും നിര്‍മ്മിക്കാന്‍ കഴിയാത്ത ഇടതുമുന്നണി വൈഫൈ വാഗ്ദാനവുമായി രംഗത്തെത്തി. ഇന്നലെ പുറത്തിറക്കിയ ‘ഉറപ്പ് ‘ എന്ന പ്രകടന പത്രികയിലാണ് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍ക്കായി നിരവധി പദ്ധതികളാണ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വന്നുപോകുന്ന മുല്ലയ്ക്കല്‍, ജില്ലാക്കോടതി പ്രദേശങ്ങളില്‍ അവര്‍ക്കായി ഒരു മൂത്രപ്പുര പോലും നിര്‍മ്മിക്കാന്‍ ഇടതുമുന്നണിക്കു കഴിഞ്ഞില്ല. തൊട്ടുമുമ്പുള്ള ഇടതുമുന്നണി ഭരണകാലത്ത് നടപ്പാക്കിയ കോടികളുടെ പദ്ധതികളെല്ലാംതന്നെ നോക്കുകുത്തിയായി മാറുകയും വന്‍ അഴിമതി ആരോപണം നേരിടുകയുമാണ്. സര്‍വ്വോദയപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ്, വഴിച്ചേരിയിലെ ആധുനിക അറവുശാല, ഇഎംഎസ് സ്റ്റേഡിയം എന്നിവ ഇതില്‍ ചിലതുമാത്രമാണ്. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന ഈ പദ്ധതികള്‍ എല്ലാംതന്നെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. യുഡിഎഫ്- എല്‍ഡിഎഫ് ഒത്തുകളി മൂലം അന്വേഷണങ്ങളെല്ലാം പാതിവഴിയില്‍ നിലച്ചിരിക്കുകയാണെന്നുമാത്രം. കഴിഞ്ഞ ഒരു ദശാബ്ദമായി ആലപ്പുഴയിലെ ജനങ്ങളെ കബളിപ്പിച്ച എല്‍ഡിഎഫ് പുതിയ വാഗ്ദാനങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
പത്തുവര്‍ഷത്തിനിടെ നടപ്പാക്കാന്‍ സാധിക്കാതിരുന്ന പദ്ധതികളാണ് ഇത്തവണ ‘ഉറപ്പില്‍’ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ പ്രധാനം നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ വൈഫൈ ആക്കുകയെന്നതാണ്. നേരത്തെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പാവപ്പെട്ടവന്റെ പട്ടിണിമാറ്റാന്‍ ഇത് സഹായിക്കുമോ എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോള്‍ യുവാക്കളുടെ വോട്ടുതട്ടാന്‍ വൈഫൈ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. സ്‌കൂളുകളില്‍ രക്ഷിതാക്കളുമായി ഇ- കമ്യൂണിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നും കുട്ടികളുടെ വിവരങ്ങള്‍ മൊബൈല്‍ ഇ-മെയില്‍ വഴി രക്ഷിതാക്കളെ അറിയിക്കുമെന്നുമാണ് അടുത്ത പ്രഖ്യാപനം. വുമണ്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്നും അവകാശവാദമുണ്ട്. ചെയര്‍പേഴ്‌സണ്‍സ് ദുരിദാശ്വാസ ഫണ്ടു രൂപീകരിക്കും.
നഗരത്തിലെ കനാലുകള്‍ ശുചീകരിക്കും. ഡ്രയിനേജ് സംവിധാനം കാര്യക്ഷമമാക്കും. പകല്‍വീടുകള്‍ ആരംഭിക്കും. മലിന്യ നിര്‍മ്മാര്‍ജനം സമ്പൂര്‍ണമാക്കും തുടങ്ങി പ്രഖ്യാപനങ്ങളുടെ ധാരാളിത്തമാണ് ഉറപ്പിലുള്ളത്. ജി. സുധാകരന്‍ എംഎല്‍എയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

Related News from Archive
Editor's Pick