ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സൈനികര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അര്‍ധസൈനികര്‍ക്കും നല്‍കണമെന്ന്

October 16, 2015

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് സൈനികര്‍ക്ക് നല്‍കുന്നതിന് സമാനമായ വേതനവും മറ്റാനുകൂല്ല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ ആദ്യവാരം മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഓള്‍ ഇന്ത്യാ സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്‌സസ് എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ് തുടങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ സൈനികരുടേതിനു തുല്ല്യമായ ജോയി ചെയ്യുമ്പോള്‍ അതിനുതുല്ല്യമായ വേതനമോ മറ്റാനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഒറ്റ റാങ്ക് ഒറ്റപെന്‍ഷന്‍ പദ്ധതി അര്‍ദ്ധസൈനിക വിമുക്ത ഭടന്‍മാര്‍ക്കും നല്‍കുക, സെന്‍ട്രല്‍ പോലീസ് കാന്റീനു പകരം സിഎസ്ഡി കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുക, വെല്‍ഫെയര്‍ ആന്റ് റീഹാബിലിറ്റേഷന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നടപ്പാക്കുക, തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികില്‍സാ സൗകര്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും. സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുമായി ജില്ലാ ജനറല്‍ ബോഡിയോഗം 19ന് 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ചേരും. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് ഡയറക്ടറി പ്രകാശനം നടത്തും. പ്രസിഡന്റ് കെ.വി.നാരായണന്‍, സെക്രട്ടറി സി.ബാലകൃഷ്ണന്‍, ട്രഷറര്‍ ടി.വിജയന്‍, കെ.ഗംഗാധരന്‍, കെ.ബാലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick