ഹോം » പ്രാദേശികം » ആലപ്പുഴ » 

ഇട്ടി അച്യുതന്‍ സ്മാരകഭൂമി ജപ്തി ഭീഷണിയില്‍

October 17, 2015

ചേര്‍ത്തല: ഇട്ടി അച്യുതന്‍ സ്മാരകമാക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഭൂമി ജപ്തി ഭീഷണിയില്‍. സ്ഥലം ഉടമകള്‍ കലക്ടര്‍ക്ക് പരാതി നല്‍കി. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥത്തിന്റെ രചനയില്‍ മുഖ്യപങ്കുവഹിച്ച മലയാളിക്കും ആയുര്‍വേദത്തിനും അഭിമാനമായതാണ് ഇട്ടി അച്യുതന് വൈദ്യര്‍. കടക്കരപ്പള്ളി കൊല്ലാട്ട് പുരയിടത്തിലെ സ്മാരകവും, ഔഷധക്കാടുമാണ് ജപ്തി ഭീഷണി നേരിടുന്നത്. ഇതിനായുള്ള നടപടികള്‍ ചേര്‍ത്തല കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്. ഇട്ടി അച്യുതന്റെ കുര്യാലയിരിക്കുന്ന 66 സെന്റ് ഭൂമിയുടെ പേരിലാണ് ഇപ്പോള്‍ നിയമ നടപടി ആരംഭിച്ചിരിക്കുന്നത്.
2004 ല്‍ തങ്കി സര്‍വീസ് സഹകരണ ബാങ്കില്‍ ഭുമി ഈട് നല്‍കി എടുത്ത രണ്ടു വായ്പകളിലാണ് നടപടി തുടങ്ങിയിരിക്കുന്നത്. ഒരു ലക്ഷം രൂപാവീതമുള്ള വായ്പകളാണ് എടുത്തത്. ഇപ്പോള്‍ മുതലും പലിശയും ചേര്‍ത്ത് 5,32,932 രൂപ കുടിശികയുണ്ട്. സ്ഥലമുടമകളെ ജയിലിലടച്ച് വിധി നടപ്പാക്കാതിരിക്കാന്‍ കാരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ ഇട്ടി അച്യുതന്‍ വൈദ്യര്‍ നട്ടു വളര്‍ത്തിയ ഔഷധ സസ്യക്കാട് അടങ്ങുന്ന ഭൂമി പണയപെടുത്തി വെട്ടക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ നിന്നും 2009 ല്‍ എടുത്ത മൂന്നര ലക്ഷത്തിന്റെ വായ്പയും ഇപ്പോള്‍ ഇരട്ടിയായി. ഈ ബാങ്കും അടുത്തമാസത്തോടെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.
വൈദ്യരുടെ പിന്‍മുറക്കാരായ പുഷ്‌കരന്റെ ഭാര്യ ഉമയമ്മയും മക്കളുമാണ് ഇവിടെ താമസിക്കുന്നത്. വായ്പയെടുത്തിരുന്ന പുഷ്‌കരന് 2012 ഏപ്രിലില്‍ മരിച്ചു. 2014 ല്‍ കുര്യാലയും, ഔഷധക്കാടും അടങ്ങുന്ന 86 സെന്റ് സംരക്ഷിത സ്മാരകമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സ്ഥലമുടമകളടക്കം സമ്മതം നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതാണ് നിലവിലെ പ്രതിസന്ധികള്‍ക്കു കാരണം. 2013 ല്‍ ഇതേ വായ്പകളുടെ പേരില്‍ ജപ്തി ഭീഷണികള്‍ ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്ന് ബാങ്കുകള്‍ നടപടികളില്‍ നിന്നും പിന്‍മാറുകയായിരുന്നു.
ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കി പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന് അന്നുറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നടപടികളുണ്ടാകാത്തതിനാല്‍ നിലവിലെ അവസ്ഥകള്‍ കാട്ടി ഉമയമ്മയും മക്കളും ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

Related News from Archive
Editor's Pick