ഹോം » പ്രാദേശികം » എറണാകുളം » 

കോതമംഗലത്ത് യുഡിഎഫില്‍ പിരിമുറുക്കം

October 16, 2015

കോതമംഗലം: സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ കോതമംഗലം നിയോജകമണ്ഡലത്തില്‍ യുഡിഎഫില്‍ പിരിമുറുക്കവും അനിശ്ചിതത്വവും തുടരുന്നു. കോതമംഗലം മുനിസിപ്പാലിറ്റി, കവളങ്ങാട്, വാരപ്പെട്ടി, നെല്ലിക്കുഴി, പല്ലാരിമംഗലം എന്നി പഞ്ചായത്തുകളില്‍ നിരവധി റിബലുകള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകാര്‍ തമ്മിലുള്ള തര്‍ക്കം കോതമംഗലം മുനിസിപ്പാലിറ്റിയില്‍ 18-ാം വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ ഭാനുമതി രാജു കേരള കോണ്‍ഗ്രസ് സീറ്റില്‍ വനിതസ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിട്ടുണ്ട്. ഇവര്‍ വാര്‍ഡിലെ വീടുകള്‍ കയറിവോട്ട് അഭ്യര്‍ത്ഥിച്ച് തുടങ്ങിയിട്ടുണ്ട്. മത്സരങ്ങളില്‍ നിന്ന് പിന്‍മാറില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സി.ചെറിയാനും വിമതസ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷനില്‍ എഗ്രൂപ്പ് നേതാവും നിലവിലെ പ്രസിഡന്റുമായ പി.കെ.ചന്ദ്രശേഖരന്‍നായരും കവളങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഐഗ്രൂപ്പ്കാരനുമായ എബിഎബ്രഹാമും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എബി എബ്രഹാമിന് സീറ്റ് നല്‍കാന്‍ ധാരണയായതായി അറിയുന്നു.
ജില്ലാ പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷനില്‍ കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ കലാപം പൊട്ടിപുറപ്പെട്ടു. നിയോജകമണ്ഡലത്തിലെ താമസക്കാരനല്ലാത്ത പാര്‍ട്ടിപ്രവര്‍ത്തനത്തിനില്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് പണം വാങ്ങിയാണെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് യുവജനവിഭാഗം പ്രവര്‍ത്തകര്‍ കോതമംഗലം ടൗണില്‍ പ്രകടനം നടത്തിയിരുന്നു. നിയോജകമണ്ഡലത്തിന്റെയോ ജില്ലയുടേയോ താത്പര്യം നോക്കാതെ കോതമംഗലത്തുകാരനായ ഒരു സംസ്ഥാനഭാരവാഹിയെ തീരുമാനിച്ചതെന്നാണ് ആരോപണം. ജില്ലിയില്‍ മുസ്ലീം ലീഗിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പല്ലാരിമംഗലം പഞ്ചായത്തില്‍ ലീഗിന്റെ കുഞ്ഞാലിക്കുട്ടി വിഭാഗവും മുനീര്‍വിഭാഗവും വ്യാപകമായി പരസ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ്. മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മദ്ധ്യസ്ഥതയില്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഇതുവരേയും തീരുമാനമൊന്നുമായിട്ടില്ല. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അടുത്തതോടെ സ്ഥാനാര്‍ത്ഥിപട്ടം പ്രതീക്ഷിച്ചിരിക്കുന്ന പലനേതാക്കളുടേയും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചിരിക്കുകയാണ്.

Related News from Archive
Editor's Pick