ഹോം » കേരളം » 

നെല്ലിയാമ്പതി ഓറഞ്ച് ഫാമില്‍ കാട്ടാനയിറങ്ങി; ഒരു കോടിയുടെ നഷ്ടം

October 17, 2015
ഓറഞ്ച് ഫാമിനകത്ത് കയറിയ കാട്ടാന

ഓറഞ്ച് ഫാമിനകത്ത് കയറിയ കാട്ടാന

നെല്ലിയാമ്പതി: സര്‍ക്കാര്‍ ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ കാട്ടാനയുടെ പരാക്രമത്തില്‍ ഒരു കോടിയുടെ നഷ്ടം. കഴിഞ്ഞ ദിവസങ്ങളിലായി ഓറഞ്ച് ഫാമിനകത്ത് കയറിയ കാട്ടാനക്കൂട്ടം വിളകളും, കമ്പിവേലികളും നശിപ്പിച്ചു. വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവില്‍ ഫാമിനു ചുറ്റും കമ്പിവേലി നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയ സമയത്താണ് കാട്ടാനയുടെ ശല്യം ഉണ്ടായത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇടയ്ക്കിടെ എത്താറുള്ള കാട്ടാന ചെറിയ നാശങ്ങള്‍ വരുത്താറുണ്ടായിരുന്നു. എന്നാല്‍ പുലയമ്പാറ മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് കഴിഞ്ഞ ദിവസം ഫാമിനകത്ത് കയറി വ്യാപക നാശമുണ്ടാക്കിയത്. ഫാമിനകത്തേക്കുള്ള രണ്ടു പ്രവേശന കവാടങ്ങളുടെ മതിലുകളും തകര്‍ത്ത് അകത്തുകടന്ന കാട്ടാന കവാടത്തിന്റെ തൂണും, കമ്പിവേലിയും പൂര്‍ണ്ണമായും തകര്‍ക്കുകയും, തുടര്‍ന്ന് കണ്ണില്‍ കണ്ടെതെല്ലാം ചവിട്ടുകയും ഫലവൃക്ഷത്തൈകള്‍ പിഴുതെറിയുകയും ചെയ്തു.

വന്യമൃഗങ്ങളുടെ ശല്യത്തില്‍ ഇതുവരെ ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് ഫാമിന് ഉണ്ടായിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. കാട്ടാനയെ കൂടാതെ പന്നിയും, മാനുകളും കൂട്ടത്തോടെ ഫാമിനകത്ത് വന്ന് പച്ചക്കറികൃഷി നശിപ്പിക്കുന്നുണ്ട്.

Related News from Archive
Editor's Pick