ഹോം » ഭാരതം » 

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി

supremecourt-630ന്യൂദല്‍ഹി: മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ജെ. ചലമേശ്വര്‍ ജുഡീഷ്യല്‍ കമ്മീഷനെ അനുകൂലിച്ചു.

സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്ജിമാരുടെ നിയമനത്തിനായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ചത് തെറ്റാണ്. ന്യായാധിപ നിയമനത്തിനായി പഴയ കൊളീജിയം സംവിധാനം തുടരും. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പരമ പ്രധാനമാണ്. അതിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. എന്നാല്‍ കൊളീജിയം സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് സംവിധാനം നവീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടുത്ത മാസം 3ന് കോടതി പരിഗണിക്കും, അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.
ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ എം.ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ.ഗോയല്‍, ജെ.ചെലമേശ്വര്‍ എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ അനുകൂലിക്കുന്നതായി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിധിയെഴുതി. എന്നാല്‍ ജുഡീഷ്യല്‍ നിയമന കമ്മീഷനെപ്പറ്റി അഭിപ്രായം പറയുന്നില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു. ന്യായാധിപരെ നിയമിക്കുന്നതില്‍ ജുഡീഷ്യറിക്കും ഭരണകൂടത്തിനും മാത്രമല്ല, സിവില്‍ സൊസൈറ്റിക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

സുപ്രീംകോടതി വിധി അത്ഭുതപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെതിരായ നടപടിയാണ് സുപ്രീംകോടതി സ്വീകരിക്കുന്നതെങ്കിലും കമ്മീഷനുമായി മുന്നോട്ടുപോകുമെന്ന് കേസിന്റെ വാദത്തിനിടെ ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കേസില്‍ പുനപരിശോധനാ ഹര്‍ജിയോ കൂടുതല്‍ വിശാലമായ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള പന്ത്രണ്ടംഗ ഭരണഘടനാ ബെഞ്ചോ കേസ് പരിഗണിക്കണമെന്ന അപേക്ഷയോ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കും.

ഭരണഘടനയുടെ 99-ാം ഭേദഗതിയായി വന്ന ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലിന് ഈവര്‍ഷം ജനുവരി ഒന്നിനാണ് രാഷ്ട്രപതി അനുമതി നല്‍കിയത്. ലോക്‌സഭയും രാജ്യസഭയും 16 സംസ്ഥാന നിയമസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബില്ലിനെ പിന്താങ്ങി. എന്നാല്‍ ബില്ലിനെതിരെ സുപ്രീംകോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ ഭരണഘടനാ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷം, നിലവിലുള്ള കൊളീജിയത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജുഡീഷ്യറിക്കു നേരേയുള്ള കടന്നുകയറ്റമാണെന്ന് ഇന്നലെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.

Related News from Archive
Editor's Pick