ഹോം » കേരളം » 

ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കണം: ഫെറ്റോ

വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെറ്റോ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെറ്റോ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിനുവേണ്ടി നിയമിച്ച പത്താം ശമ്പള കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും നടപ്പിലാക്കുന്നതിനുള്ള യാതൊരു നടപടികളും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷാര്‍ഹമാണെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, വിദ്യാഭ്യാസ മേഖലയിലെ അരാജകത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശമ്പളപരിഷ്‌കരണ ചരിത്രത്തിലെ ഏറ്റവും കൂടിയ കാലയളവ് അനുവദിച്ചിട്ടും പൂര്‍ണമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മീഷന് കഴിഞ്ഞിട്ടില്ല. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കുമെന്ന് പറഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭരണകാലാവധി അവസാനിക്കുവാന്‍ പോകുന്ന സമയത്തെങ്കിലും തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യം നടപ്പിലാക്കുവാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രന്‍, എന്‍ടിയു സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍, ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി കമലാസനന്‍ കാര്യാട്ട്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സംഘ് ജനറല്‍ സെക്രട്ടറി പി.കെ. സാബു, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രചൂഢന്‍, പിഎസ്‌സി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ആര്‍. ഹരികൃഷ്ണന്‍, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. പ്രഭാകരന്‍ നായര്‍, ഗവ. പ്രസ് വര്‍ക്കേഴ്‌സ് സംഘ് സെക്രട്ടറി സി.കെ. ജയപ്രസാദ്, പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍, ഫൈറ്റോ സംസ്ഥാന ഭാരവാഹികളായ ബി. ജയപ്രകാശ്, എസ്.കെ. ജയകുമാര്‍, മുരളീധരന്‍നായര്‍, സി. സുരേഷ്‌കുമാര്‍, എസ്. മോഹനചന്ദ്രന്‍, ആര്‍. ശ്രീകുമാരന്‍, വി. രാധാകൃഷ്ണന്‍, എസ്. സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick