ഹോം » ഭാരതം » 

വ്യാപം അഴിമതി: മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍

വെബ് ഡെസ്‌ക്
October 17, 2015

vyapam-corruptionപൂരി: വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വിജയ് ബഹാദൂറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒഡീഷയിലെ ജര്‍സുഗുഡയിലുള്ള റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം കുടുംബത്തിനൊപ്പം പൂരി-ജോധ്പൂര്‍ എക്സ്‌പ്രസില്‍ മടങ്ങിയ ബഹാദൂറിനെ കാണാതാവുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഓടുന്ന ട്രെയിനില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് ബഹാദൂര്‍ മരിച്ചതെന്നാണ് പ്രഥമദൃഷ്ട്യായുള്ള നിഗമനമെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിലീപ് ബാഗ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ അന്വേഷണത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കേസന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു സാമൂഹ്യപ്രവര്‍ത്തകന്‍ അജയ് ദുബെയും രംഗത്തുവന്നു. വ്യാപം കേസില്‍ ആരോപണവിധേയയായ മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രത ദാമോറിനെ നേരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതും റെയില്‍വേ ട്രാക്കിലായിരുന്നു. മധ്യപ്രദേശിലെ വീട്ടില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ 2012 ജനുവരിയിലാണ് നമ്രതയുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാപം അഴിമതി പുറത്തുവന്നതിനുശേഷം 40ല്‍ അധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Related News from Archive
Editor's Pick