ഹോം » പ്രാദേശികം » മലപ്പുറം » 

ലീഗിനെതിരെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും രംഗത്ത്‌

October 17, 2015

കരുവാരക്കുണ്ട്: ജില്ലയില്‍ യുഡിഎഫ് സംവിധാനമില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുസ്ലീം ലീഗിന്റെ ഏകാധിപത്യമാമ് ഇവിടെ നടക്കുന്നത്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ അര്‍ഹമായ പ്രാധാന്യം പാര്‍ട്ടിക്ക് നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. യുഡിഎഫ് സംവിധാനം തകര്‍ത്തത് ലീഗാണ്. ഘടകകക്ഷികളുടെ സീറ്റുകൂടി ലീഗ് തട്ടിയെടുക്കുകയാണ് ചെയ്തത്. ഗ്രാമപഞ്ചായത്ത് അടക്കമുള്ള വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതിന് ശേഷമാണ് യുഡിഎഫ് യോഗം വിളിച്ചത്. പാര്‍ട്ടിയോട് ലീഗ് നേതൃത്വം കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ പ്രവര്‍ത്തിക്കും.
ജില്ലാ പഞ്ചായത്തിലെ കരുവാരക്കുണ്ട് ഡിവിഷന്‍ സീറ്റ് കേരള കോണ്‍ഗ്രസിന് അനുവദിക്കാന്‍ ധാരണയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ലീഗുമായി ചര്‍ച്ച ചെയ്തിരുന്നു എന്നാല്‍ ഏകപക്ഷീയമായി ലീഗ് ആ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജേക്കബ് വിഭാഗം ജില്ലാ പ്രസിഡന്റ് മാത്യൂ സെബാസ്റ്റ്യന്‍ കരുവാരക്കുണ്ടില്‍ നിന്നും മത്സരിക്കും. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ മലയോര മേഖലയില്‍ ലീഗിനെ തോല്‍പ്പിക്കാന്‍ എന്തും ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് പോലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നാളിതുവരെ നല്‍കാത്ത മുസ്ലീം ലീഗ് ഘടകക്ഷികളെ അടിമകളായാണ് കാണുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മാത്യൂ സെബാസ്റ്റ്യന്‍, പയസ് ജോര്‍ജ്ജ്, പള്ളി കുഞ്ഞാപ്പ, കെ.ഇ.തോമസ്, പി.ജോര്‍ജ്ജ് മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick