ഹോം » പ്രാദേശികം » കൊല്ലം » 

ബിജെപി മുന്നോട്ടുവയ്ക്കുന്നത് വികസന രാഷ്ട്രീയം: എം.സുനില്‍

October 17, 2015

kollam press club thadesheeyam 2015
കൊല്ലം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി രാഷ്ട്രീയത്തിന് അതീതമായി വികസനകാഴ്ചപ്പാടായിരിക്കും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുകയെന്ന് ജില്ലാ പ്രസിഡന്റ് എം.സുനില്‍. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശീയം സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണവും വിലയിരുത്തപ്പെടും. നിരവധി ജനക്ഷേമകരമായ പദ്ധതികളാണ് കേന്ദ്രം ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഇതിനോടൊപ്പം ഇടതുവലതുമുന്നണികളുടെ ഭരണപാളിച്ചകളും വാഗ്ദാനലംഘനങ്ങളും വോട്ടിങില്‍ പ്രതിഫലിക്കും. ജാതിയും മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തി മുന്നണികള്‍ കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്.
വികലമായ വികസനകാഴ്ചപ്പാടും അന്ധമായ ബിജെപി വിരോധവും പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഒത്തുതീര്‍പ്പുരാഷ്ട്രീയവും സമരനാടകവും നടത്തി കാലങ്ങളായി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. എട്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ഇടതുപിന്തുണയുണ്ടായിട്ടും കൊല്ലത്ത് ബൈപ്പാസ് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അതിവേഗതയില്‍ മോദിസര്‍ക്കാര്‍ ബൈപ്പാസ് സാക്ഷാത്കരിക്കുകയാണ്. സ്വപ്‌നം മാത്രമായിരുന്ന റെയില്‍വെ രണ്ടാംകവാടം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഇത്തരം വികസനമാണ് ജനങ്ങള്‍ക്ക് വേണ്ടത്. നേരത്തെ മുന്നണികളുടെ കള്ളപ്രചരണത്തില്‍ മോദിയെ തെറ്റിദ്ധരിച്ച കേരളീയര്‍ അത് തിരുത്തുവാന്‍ ഈ തെരഞ്ഞെടുപ്പ് വിനിയോഗിക്കും. അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയ ബിജെപിയിലേക്ക് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കാപട്യം മനസിലാക്കി ആ പാര്‍ട്ടികളില്‍ നിന്നും അണികള്‍ ഒഴുകിയെത്തുകയാണെന്നും എം.സുനില്‍ ചൂണ്ടിക്കാട്ടി. കൊല്ലം കോര്‍പ്പറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കിയ എല്‍ഡിഎഫിന് ജനം കനത്ത ശിക്ഷ നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളെ വലച്ച് ചിന്നക്കടയില്‍ തീര്‍ത്ത കോട്ടയും മാലിന്യപ്രശ്‌നവും തെരുവ് വിളക്ക് പ്രകാശിക്കാത്തതും കൊല്ലം ഫെസ്റ്റ് അഴിമതിയും മാഫിയകളുമായുള്ള പ്രദേശിക നീക്കുപോക്കുകളും വര്‍ഗീയകക്ഷികളുമായി ചേര്‍ന്നുള്ള ഭരണം പിടിക്കലുമെല്ലാം ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ഈ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ ബിജെപി പ്രതിനിധികളുണ്ടാകുമെന്ന് മാത്രമല്ല, ഒരു പഞ്ചായത്ത് ഭരണം പിടിക്കാന്‍ കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍, സിപിഐ നേതാവ് ആര്‍.രാമചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് വി.സത്യശീലന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Related News from Archive
Editor's Pick