ഹോം » കേരളം » 

സ്റ്റോര്‍ സൂപ്രണ്ടുമാരില്ല; മരുന്നു വിതരണം പ്രതിസന്ധിയില്‍

medicamentos-680x365കോഴിക്കോട്: മെഡിക്കല്‍ കോളജുകളില്‍ സ്റ്റോര്‍ സൂപ്രണ്ടുമാരില്ലാത്തതിനാല്‍ മരുന്നു സംഭരണം പ്രതിസന്ധിയില്‍. പാവപ്പെട്ട രോഗികളാണ് ഇതു മൂലം ദുരിതത്തിലാകുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സ്റ്റോര്‍ സൂപ്രണ്ട്, സ്റ്റോര്‍ കീപ്പര്‍ തസ്തികകളാണ് കഴിഞ്ഞ കുറെക്കാലമായി ഒഴിഞ്ഞുകിടക്കുന്നത്.

ഇതുമൂലം 2016-17 വര്‍ഷത്തേക്കുള്ള മരുന്നുകളുടെ വാര്‍ഷിക ഇന്‍ഡന്റ് തയ്യാറാക്കുന്ന നടപടിയാണ് അവതാളത്തിലായിരിക്കുന്നത്. തസ്തികകളില്‍ ഉടനടി നിയമനം നടത്താത്തപക്ഷം അടുത്ത സാമ്പത്തിക വര്‍ഷം മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ മരുന്നിന് ക്ഷാമമനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള എട്ട് സ്റ്റോര്‍ സൂപ്രണ്ട് തസ്തികകളില്‍ ഏഴും, 12 സ്റ്റോര്‍കീപ്പര്‍ തസ്തികകളില്‍ നാലും ഒഴിഞ്ഞുകിടക്കുകയാണ്. വകുപ്പിലെ ഫാര്‍മസിസ്റ്റുമാര്‍ക്ക് പ്രമോഷന്‍ നല്‍കിയാണ് ഈ തസ്തികകളില്‍ നിയമനം നടത്തേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന ആലസ്യമാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.

2016-17 വര്‍ഷത്തേക്കുള്ള വാര്‍ഷിക ഇന്‍ഡന്റ് ഈ മാസം 20ന് മുമ്പേ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും സ്റ്റോര്‍ സൂപ്രണ്ടുമാരില്ലാത്തതിനാല്‍ ഇതെങ്ങനെ നടക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല മരുന്നു സ്റ്റോറുകളില്‍ താല്‍ക്കാലിക ചുമതലയുള്ള ഫാര്‍മസിസ്റ്റുമാരും അധികഭാരത്താല്‍ ബുദ്ധിമുട്ടുകയാണ്. സ്റ്റോര്‍ സൂപ്രണ്ട്, സ്റ്റോര്‍കീപ്പര്‍ തസ്തികകളില്‍ ഉടനടി നിയമനം നടത്താത്തപക്ഷം മെഡിക്കല്‍ കോളജുകളിലെത്തുന്ന പാവപ്പെട്ട രോഗികളുടെ സ്ഥിതി കൂടുതല്‍ ദുരിതത്തിലാകും

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick