ഹോം » കേരളം » 

അധസ്ഥിതന്‍ വെളുത്ത ഷര്‍ട്ട് ഇടുന്നത് സിപിഎമ്മിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല: എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍

October 18, 2015

കോട്ടയം: അധസ്ഥിതവിഭാഗത്തില്‍പ്പെട്ടവര്‍ വെളുത്ത ഷര്‍ട്ട് ഇടുന്നതും സാമൂഹ്യമുന്നേറ്റം നടത്തുന്നതും സിപിഎമ്മിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് കെപിഎംഎസ് പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായാടി മുതല്‍ നമ്പൂതിരി വരെ ഒന്നിക്കുന്നുവെന്ന് പറയുമ്പോള്‍ സിപിഎം നേതാക്കള്‍ വിറളിപിടിക്കുന്നത് അതുകൊണ്ടാണ്. മതേതരത്വത്തിന്റെ കുത്തകപ്പാട്ടം സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. ഭാരതത്തില്‍ മതേതരത്വത്തിന് ഭീഷണിയുണ്ടെന്ന് കെപിഎംഎസ് കരുതുന്നില്ല. ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ വഞ്ചനക്കെതിരെ പ്രതികരിക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് കെപിഎംഎസ് പൂര്‍ണ്ണ സഹകരണം നല്‍കും.
ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വെള്ളാപ്പള്ളി നടേശനെ മാനസികമായി തകര്‍ത്ത് വ്യക്തിപരമായി ഇല്ലായ്മചെയ്യാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. അത് കേരളത്തില്‍ വിലപ്പോവില്ലെന്നും നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.

വിമോചന സമരത്തിന് നേതൃത്വം കൊടുത്തവരെ പ്രീണിപ്പിക്കുവാന്‍ തിടുക്കം കാണിക്കുന്ന സിപിഎം നേതാക്കള്‍ പിന്നോക്ക വിഭാഗക്കാരനെ ആട്ടിയകറ്റുകയാണ്. ഇതുമനസിലാക്കിയ പിന്നോക്ക സമൂഹം സിപിഎം വിട്ട് പോകുന്നത് തടയാന്‍ സമുദായ സംഘടനകള്‍ക്കുള്ളില്‍ നുഴഞ്ഞുകയറി സംഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. അനുഭവങ്ങള്‍ പാഠമാക്കാത്ത വിചിത്രമായ അവസ്ഥയിലാണ് സിപിഎം നേതാക്കളെന്നും നീലകണ്ഠന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick