ഹോം » കേരളം » 

തടവറകളില്‍ കലാപ സാദ്ധ്യത;ജയിലുകള്‍ തടവുകാരെക്കൊണ്ട് നിറഞ്ഞു

prisonതിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകള്‍ തടവുകാരെക്കോണ്ട് നിറഞ്ഞു. ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം തടവുകാരെയാണ് ഇപ്പോള്‍ കുത്തിനിറച്ചിരിക്കുന്നത്. കേരളത്തിലെ 52 ജയിലുകളിലായി 6250 തടവുകാരെ പാര്‍പ്പിക്കാനാണ് നിലവില്‍ സൗകര്യമുള്ളത്. ഇപ്പോള്‍ 7500 തടവുകാരാണ് ജയിലുകളില്‍ കഴിയുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ജയിലുകളില്‍ കലാപമുണ്ടാകാന്‍ അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്ന് ജയില്‍ അധികൃതര്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നു. രാഷ്ട്രീയ തടവുകാരുടെ കാലഘട്ടം ഒഴിച്ചുനിര്‍ത്തിയാല്‍ തടവുപുള്ളികളുടെ കാര്യത്തില്‍ സംസ്ഥനത്തെ ജയിലുകള്‍ സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് നീങ്ങുന്നത്.

മദ്ധ്യമേഖല, ഉത്തരമേഖല, ദക്ഷിണമേഖല എന്നിങ്ങനെ മൂന്നു മേഖലകളായാണ് സംസ്ഥാനത്തെ ജയിലുകളെ വേര്‍തിരിച്ചിരിക്കുന്നു. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന മദ്ധ്യമേഖലയിലെ ജയിലുകളില്‍ നാനൂറിലേറെ തടവുകാരാണ് അധികമുള്ളത്. 3.72 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ജയിലറയാണ് അന്തേവാസികള്‍ക്ക് നല്‍കേണ്ടത്. ഈ നിയമപ്രകാരം 1369 പുരുഷന്മാരും 119 സ്ത്രീകളും ഉള്‍പ്പടെ 1488 പേര്‍ക്കാണ് മദ്ധ്യമേഖലയിലെ ജയിലുകളില്‍ ഇടമുള്ളത്. എന്നാല്‍ ഇവിടെ 1831 പുരുഷന്മാരും 65 സ്ത്രീകളും അടക്കം 1896 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ 578 പുരുഷന്മാരും 14 സ്ത്രീകളും ശിക്ഷാ തടവിലും ശേഷിക്കുന്ന 1304 പേര്‍ വിചാരണ തടവുകാരുമാണ്.

കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളടങ്ങുന്ന ഉത്തര മേഖലയില്‍ തടവുകാര്‍ മറ്റ് മേഖലകളിലെ ജയിലുകളെ അപേക്ഷിച്ച് നന്നെ കുറവുണ്ട്. 2244 തടവുകാര്‍ക്ക് കഴിയാവുന്ന ഇവിടുത്തെ ജയിലുകളില്‍ 2421 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. 2148 പുരുഷ തടവുകാര്‍ക്കുള്ള സ്ഥലത്ത് 2374 പേരാണുള്ളത്. ഇവിടുത്തെ തടവറകളില്‍ സ്ത്രീകള്‍ക്കായി മാറ്റിവച്ചിട്ടുള്ള 96 സെല്ലുകളില്‍ 47 പേര്‍ മാത്രമാണുള്ളത്. 921 ശിക്ഷാ തടവുകാരും 1500 വിചാരണ തടവുകാരുമാണ് ഉത്തര മേഖലയിലെ ജയിലറകളില്‍ കഴിച്ചുകൂട്ടുന്നത്.

സംസ്ഥാനത്ത് ഏറ്റവും അധികം തടവുകാരെ പാര്‍പ്പിക്കുന്നുവെന്ന ഖ്യാതി ദക്ഷിണ മേഖലക്കാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളടങ്ങുന്ന ദക്ഷിണ മേഖലയിലെ ജയിലുകളില്‍ അറുന്നൂറോളം അന്തേവാസികളാണ് അധികമായുള്ളത്. 2323 പുരുഷന്മാരും 162 സ്ത്രീകളും ഉള്‍പ്പടെ 2485 തടവുകാര്‍ക്ക് കഴിയാനുള്ള സ്ഥാനത്ത് 2996 തടവുകാര്‍ ജയിലറകള്‍ സ്വന്തമാക്കിയിരിക്കുന്നു. സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് തടവുകാര്‍ കൂടുതല്‍. 727 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഇവിടെ 1183 പേരാണ് ഇപ്പോഴുള്ളത്.

ജയിലുകള്‍ക്ക് താങ്ങാവുന്നതിലും അധികം തടവുകാര്‍ ജയിലറകള്‍ക്കുള്ളിലായിട്ടും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് ജയില്‍ വകുപ്പ് നേരിടുന്ന പ്രശ്‌നം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കേണ്ടി വരുമെന്നതാണ് വാസ്തവം. മാത്രവുമല്ല ആയിരത്തിലധികം തടവറകള്‍ നിര്‍മ്മിക്കണം. തടവറകള്‍ക്കുള്ളില്‍ കലാപമുണ്ടായാല്‍ നിയന്ത്രിക്കാനുള്ള അംഗബലം നിലവില്‍ ജയില്‍ സേനയ്ക്കില്ല. സംഘം ചേരുന്നുവെന്ന സംശയം തോന്നുമ്പോള്‍ തന്നെ തടവുകാരെ മറ്റ് ജയിലുകളിലേക്ക് മാറ്റി പ്രശ്‌നപരിഹാരം ഉണ്ടാക്കുകയാണ് ജയില്‍ അധികൃതരിപ്പോള്‍.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick