ഹോം » പ്രാദേശികം » ആലപ്പുഴ » 

വയലാറില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകുന്നു

October 18, 2015

ചേര്‍ത്തല: വിപ്ലവം ജനിച്ച വയലാറിന്റെ മണ്ണില്‍ പാര്‍ട്ടിയുടെ അടിത്തറയിളകുന്നു, ശക്തമായ മുന്നേറ്റവുമായി ബിജെപി. വിമതശല്യം കൊണ്ട് പൊറുതിമുട്ടിയ ഇരുമുന്നണികളിലും ആഭ്യന്തരകലഹങ്ങള്‍ രൂക്ഷമായി. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളില്‍ അസന്തുഷ്ടരായവരും, വിഭാഗീയതയുടെ ഇരകളായി പാര്‍ട്ടി വിട്ടവരും നിരവധി. രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന്റെ സമീപത്തു നിന്ന് 25 ഓളം കുടുംബങ്ങളില്‍ നിന്നായി നൂറിലധികം പേരാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.ആര്‍. പ്രഭാകരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നത്.
1994ല്‍ കെ.ആര്‍. ഗൗരിയമ്മ സിപിഎം വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നപ്പോഴാണ് വയലാറില്‍ ആദ്യമായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ ജെഎസ്എസിന്റെ ഗ്രൂപ്പ് വഴക്കും പിളര്‍പ്പുമെല്ലാം എപ്പോഴും എല്‍ഡിഎഫിന് തുണയായി. സീറ്റിനു വേണ്ടി ഘടകകക്ഷികള്‍ നടത്തുന്ന പിടിവലിയും, സീറ്റ് ലഭിക്കാത്തവര്‍ വിമതരായി രംഗത്തുവന്നതും ഇരു മുന്നണികള്‍ക്കും തലവേദനയായി. ഒന്‍പതാം വാര്‍ഡിലെ ജെഎസ്എസ് സ്ഥാനാര്‍ത്ഥി ലാലി സരസ്വതിയുടെ പത്രിക തള്ളിയത് എല്‍ഡിഎഫിന് തിരിച്ചടിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും, രണ്ട് തവണ പഞ്ചായത്തംഗവുമായിരുന്ന ലാലിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ കടന്നു കൂടിയ തെറ്റുകള്‍ യുഡിഎഫിനെ സഹായിക്കുവാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ആരോപണങ്ങളും പഴിചാരലുമായി ഇരു മുന്നണികളും പോരടിക്കുമ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയാനാണ് സാദ്ധ്യത. ഭരണപക്ഷത്തിന്റെ വികസന വിരുദ്ധപ്രവര്‍ത്തനങ്ങളും, പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയും ചൂണ്ടിക്കാട്ടിയാണിവിടെ ബിജെപി മത്‌സരരംഗത്തിറങ്ങുന്നത്. വയലാര്‍ ഐടിഐക്ക് സ്വന്തമായി സ്ഥലം കണ്ടെത്തുവാന്‍ കഴിയാത്തതും സ്ഥാപനം മറ്റൊരു പഞ്ചായത്തിലേക്ക് പറിച്ചുനടുവാന്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന നീക്കങ്ങളും ചര്‍ച്ചാവിഷയമാകും. പഞ്ചായത്തിന്റെ സമഗ്രവികസന പദ്ധതിയാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്നത്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും എസ്എന്‍ഡിപി ബിജെപി സഖ്യം മല്‍സരിക്കുന്നു. വാര്‍ഡ്, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ ക്രമത്തില്‍. 1. സുബിമോള്‍ 2. കവിത 3. പുഷ്പവല്ലി 4. രജി അശോകന്‍ 5. തോമസ് ജോണ്‍ 7. രാജേന്ദ്രന്‍ 8. രമാദേവി 9. മഞ്ജു 10. സുധാകരന്‍ 11. പ്രകാശന്‍ 12. അജിതകുമാരി 13. അനില വിജയന്‍ 14. ഗീതാകുമാരി 15. വിഷ്ണുരാജ് 16. മനോജ്കുമാര്‍. 10933 പുരുഷന്‍മാരും 11451 സ്ത്രീകളുമുള്‍പ്പെടെ 22384 ആണ് പഞ്ചായത്തിലെ ജനസംഖ്യ. കോണ്‍ഗ്രസ് ആറ്, എല്‍ഡിഎഫ്-–ഒന്‍പത് (സിപിഎം–അഞ്ച്, സിപിഐ–നാല്, ജെഎസ്എസ്–ഒന്ന്) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Related News from Archive
Editor's Pick